യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന എഴുപതോളം നാവികരെ രക്ഷിക്കാന്‍ ഇന്ത്യന്‍ ദൗത്യസംഘം യമനിലേക്ക്

single-img
14 September 2015

Indian Army

പ്രശ്‌നമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന എഴുപതോളം നാവികരെ രക്ഷിക്കാന്‍ ഇന്ത്യന്‍ ദൗത്യസംഘം നടപടികളുമായി യമനിലേക്ക് തിരിക്കുന്നു. ഗുജറാത്തിലെ മന്‍ഡവി, ജോദിയ,സലായ തുടങ്ങിയ ഗ്രാമങ്ങളില്‍ നിന്നുള്ള എഴുപതോളം നാവികരാണ് യമനില്‍ കുടുങ്ങിക്കിടക്കുന്നത്. ജിബൂട്ടിയിലെ ക്യാംപ് ഓഫീസിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നിട്ടുണ്ടെന്നും സുരക്ഷിതമായി ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ദൗത്യസംഘത്തിന് കഴിയുമെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചിട്ടുണ്ട്.

സൗദി നേതൃത്വം നല്‍കുന്ന സഖ്യകക്ഷികളുടെ വ്യോമാക്രമണത്തില്‍ ആറു ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ സംഭവം. യമനിലേക്ക് ചരക്കുകപ്പലുമായി പോയ ഇന്ത്യക്കാര്‍ അവിടെ കുടുങ്ങിയിട്ട് പതിനഞ്ച് ദിവസത്തിലധികമായി. എത്രയും പെട്ടെന്ന് രക്ഷിക്കണമെന്നു നാവികരുടെ സംഘം ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതിനു തൊട്ടുപിന്നാലെയാണ് വിദേശകാര്യമന്ത്രാലയം രക്ഷാ ദൗത്യ നടപടികളുമായി തിരിച്ചത്.

യമനില്‍ കഴിയുന്ന നാവികരുടെ നില വളരെ പരിതാപകരമായ അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ മോശം അവസ്ഥയിലാണ് നാവികര്‍ യെമനില്‍ ഉള്ളതെന്നും പലരും മരണത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.