ജൂതപുതുവര്‍ഷത്തിന്റെ തലേദിവസം ജറുസലേമിലെ മുസ്ലിം ദേവാലയമായ അല്‍ അഖ്‌സയില്‍ ഇരച്ചുകയറിയ ഇസ്രായേല്‍ സൈനികര്‍ പ്രാര്‍ത്ഥനാ പരവതാനികള്‍ കത്തിച്ചു

single-img
14 September 2015

Israel

ജൂതപുതുവര്‍ഷത്തിന്റെ തലേദിവസം ജറുസലേമിലെ മുസ്ലിം ദേവാലയമായ അല്‍ അഖ്‌സയില്‍ ഇരച്ചുകയറി ഇസ്രായേല്‍ സൈനികരുടെ അക്രമം. അക്രമെത്ത തുടര്‍ന്ന് ദേവാലയത്തിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചു. ജൂതര്‍ക്ക് പ്രാര്‍ഥിക്കാന്‍ അനുവാദമില്ലാത്ത മുസ്ലീം ദേവാലയത്തില്‍ ചില ജൂതര്‍ പ്രാര്‍ത്ഥിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷങ്ങളുടെ ആരംഭം.

ജൂതന്‍മാര്‍ പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കവേ മുസ്ലീങ്ങളുടെ ഭാഗത്തു നിന്നും ഇവര്‍ക്കു നേരേ എതിര്‍പ്പുണ്ടാകുകയും പലസ്തീനികള്‍ കല്ലേറു നടത്തിയെന്നാരോപിച്ച് ഇവരെ അറസ്റ്റ് ചെയ്യാന്‍ അകത്തുകയറിയ സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. സംഭവത്തില്‍ പ്രാര്‍ഥനയ്ക്കുപയോഗിക്കുന്ന പരവതാനികള്‍ പകുതിയും കത്തി നശിച്ചു.

തുടര്‍ന്ന് സംഘര്‍ഷം ദേവാലയാങ്കണത്തിനു പുറത്തേക്കും വ്യാപിച്ചു. എണ്‍പതോളം വരുന്ന ജൂതന്മാര്‍ ഇസ്രായേലി പോലീസിന്റെ പിന്തുണയോടെ പള്ളിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് അല്‍ അഖ്‌സ മാനേജര്‍ ഒമര്‍ കിസ്വാനി പറഞ്ഞു. ഇസ്രായേല്‍ സൈന്യത്തിന്റെ നടപടിയെ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് അപലപിച്ചു.