തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ‘നോട്ട ‘ക്ക് പകരം ‘എന്‍ഡ് ബട്ടണ്‍’

single-img
14 September 2015

notaതിരുവനന്തപുരം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍  നോട്ട  സംവിധാനം പൂര്‍ണമായും ഒഴിവാക്കുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നോട്ട പ്രായയോഗികമല്ലെന്ന കണ്ടത്തലിനെ തുടര്‍ന്നാണു ഇത്തവണ നോട്ടയെന്ന വിയോജിപ്പ് ബട്ടണ്‍ വോട്ടിങ് മെഷീനില്‍ ഉള്‍പെടുത്തേണ്ട എന്ന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍  തീരുമാനിച്ചത്.

രണ്ടു മാസം മുന്‍പ് രാഷ്ടീയ പാര്‍ട്ടികളുമായി തെരഞ്ഞെടുപ് കമ്മിഷന്‍ നടത്തിയ ചര്‍ച്ചയിലാണു നോട്ടയ്ക്കു താഴു വീണത്. നോട്ടയ്ക്കു പകരം എന്‍ഡ് ബട്ടണ്‍ എന്ന സംവിധാനമാണു കൊണ്ടുവരിക. ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ആ യന്ത്രം ഉപയോഗിക്കാതെ അവസാനത്തെ യന്ത്രത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ‘എന്‍ഡ്’ ബട്ടണ്‍ അമര്‍ത്തുന്നതാണ് ഈ രീതി.

ഇതിനായി മള്‍ട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷിനാണു ഉപയോഗിക്കുന്നത്. ഈ സംവിധാനത്തില്‍ ത്രിതല പഞ്ചായത്തുകളിലേക്കുള്ള മൂന്ന് വോട്ടുകളും രേഖപ്പെടുത്തുകയോ അല്ലെങ്കില്‍ ഇഷ്ടമുള്ള വോട്ട് രേഖപ്പെടുത്തിയ ശേഷം അവസാനത്തെ ബാലറ്റ് യൂനിറ്റിലെ ‘എന്‍ഡ്’ ബട്ടണ്‍ അമര്‍ത്തുകയോ ചെയ്താല്‍ മാത്രമേ ഒരാളുടെ വോട്ടിംഗ് നടപടി പൂര്‍ത്തിയാകുകയുള്ളൂ.

മൂന്ന് വോട്ടും ചെയ്യാത്തവര്‍ ഇഷ്ടമുള്ള ഒന്നോ രണ്ടോ വോട്ട് രേഖപ്പെടുത്തിയ ശേഷം ജില്ലാ പഞ്ചായത്തിന്‍റെ ഇളംനീല ബാലറ്റ് യൂനിറ്റിലുള്ള ‘എന്‍ഡ്’ ബട്ടണ്‍ അമര്‍ത്തണം. ഗ്രാമബ്ലോക്ക് പഞ്ചായത്തുകളുടെ ബാലറ്റ് യൂനിറ്റുകളില്‍ ‘എന്‍ഡ്’ ബട്ടണ്‍ മറച്ചുവയ്ക്കും.