എയര്‍ ഇന്ത്യ അമിതവണ്ണമുള്ള ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനൊരുങ്ങുന്നു

single-img
14 September 2015

air-indiaന്യൂഡല്‍ഹി:  എയര്‍ ഇന്ത്യ അമിതവണ്ണമുള്ള ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനൊരുങ്ങുന്നു. ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത എയര്‍ഹോസ്റ്റസുമാര്‍ ഉള്‍പ്പെടെയുള്ള 125 കാബിന്‍ ക്രൂ ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. ഇതില്‍ ചിലര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ ജോലി നല്‍കാനും ചിലരെ സ്വയം വിരമിക്കലിലൂടെ പിരിച്ചയക്കാനുമാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.

എയര്‍ ഇന്ത്യ ഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തേ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ തയ്യാറാകാത്തവരെയാണ് ഇപ്പോള്‍ നീക്കാനൊരുങ്ങുന്നത്. അമിതവണ്ണമുള്ളവരെ കാബിന്‍ ക്രൂവായി പരിഗണിക്കാനാവില്ലെന്ന് ഏവിയേഷന്‍ അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ശരീരഭാരം സംബന്ധിച്ച് പുരുഷന്‍മാര്‍ക്ക് 18 മുതല്‍ 25 വരെ ബി.എം.ഐയും സ്ത്രീകള്‍ക്ക് 18 മുതല്‍ 22 വരെ ബി.എം.ഐയുമാണ് ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡം. പൊതുമേഖലാസ്ഥാപനമായ എയര്‍ ഇന്ത്യക്ക് 3,500 കാബിന്‍ ക്രൂ ജീവനക്കാരാണ് ഇപ്പോഴുള്ളത്. ഇതില്‍ 2,200 പേര്‍ കരാര്‍ ജോലിക്കാരാണ്.