മൂന്നാറിലെ തോട്ടം തൊഴിലാളി സമരം ഒത്തുതീര്‍ന്നു

single-img
13 September 2015

download (1)മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ കഴിഞ്ഞ ഒമ്പതു ദിവസമായി നടത്തിവന്ന  സമരം ഒത്തുതീര്‍ന്നു.ബോണസായി 8.33 ശതമാനവും ആശ്വാസ സഹായമായി (എക്‌സ്‌ഗ്രേഷ്യ) ആയി 11.66 ശതമാനവും ആയി സര്‍ക്കാര്‍ തീരുമാനിച്ചത് കമ്പനി അധികൃതര്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

 
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ ഗസ്റ്റ്ഹൗസില്‍ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരത്തിന് ധാരണയായത്. പടക്കം പൊട്ടിച്ചാണ് തൊഴിലാളികൾ തീരുമാനത്തെ എതിരേറ്റത്. ആർപ്പുവിളികളോടെയും പരസ്പരം എടുത്തുയർത്തിയും ആഹ്ലാദ പ്രകടനം തുടരുകയാണ്.

 
ഒമ്പതു മണിക്കൂറോളം നീണ്ട മാരത്തണ്‍ ചര്‍ച്ചയ്ക്കൊടുവിലാണു പ്രശ്ന പരിഹാരമായത്. രാവിലെ മുതല്‍ തുടങ്ങിയ മന്ത്രിതല ചര്‍ച്ചകള്‍ക്കു പിന്നാലെ സമരം ചെയ്യുന്ന തൊഴിലാളികളുടെ പ്രതിനിധികള്‍, മൂന്നാറിലെ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, കമ്പനി അധികൃതര്‍ എന്നിവരുമായി വൈകിട്ടു മുഖ്യമന്ത്രി ഒറ്റയ്ക്കൊറ്റയ്ക്ക് ആദ്യം ചര്‍ച്ച നടത്തി. തുടര്‍ന്ന് മൂന്നു കൂട്ടരേയും ഒന്നിച്ചിരുത്തിയും ചര്‍ച്ച നടത്തി. ഇതോടെയാണു പ്രശ്നപരിഹാരമായത്.

 
അതേസമയം സ്‌കാനിങ് ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടിയെടുക്കും എന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ട കൂലിവര്‍ധനവില്‍ ഒരുദിവസം കൊണ്ട് തീരുമാനമെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു .

 
ഈമാസം 26ന് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി കൂടാന്‍ നിര്‍ദ്ദേശംനല്‍കിയിട്ടുണ്ട്. ബോണസ് പുനസ്ഥാപിക്കുക, അത് 20 ശതമാനമായി നിജപ്പെടുത്തുക, ദിവസക്കൂലി 232 രൂപയില്‍ നിന്നും 500 രൂപയായി വര്‍ധിപ്പിക്കുക എന്നിവയായിരുന്നു തൊഴിലാളികളുടെ ആവശ്യങ്ങള്‍.