സൗദിക്കെതിരായ പാശ്ചാത്യ മാധ്യമ വര്‍ത്തകള്‍ തെറ്റ്; 25 ലക്ഷം സിറിയക്കാര്‍ക്ക് അഭയം നല്‍കിയതായി സൗദി അറേബ്യ

single-img
13 September 2015

siriaറിയാദ്:  സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി  സൗദി അറേബ്യ ഒന്നും ചെയ്യുന്നില്ലെന്ന പാശ്ചാത്യ മാധ്യമ വര്‍ത്തകള്‍ തെറ്റാണെന്ന് തെളിയിക്കുന്ന കണക്കുകളുമായി സൗദി പ്രസ് ഏജന്‍സി. 2011ല്‍ സിറിയന്‍ ആഭ്യന്തര കലാപം ആരംഭിച്ചപ്പോള്‍ മുതല്‍ ഇതുവരെ സൗദി 25 ലക്ഷം സിറിയക്കാര്‍ക്ക് അഭയം നല്‍കിയതായി സൗദി അറേബ്യ വ്യക്തമാക്കി. വെള്ളിയാഴ്ച വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കൂടാതെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് അകത്തും പുറത്തുമായി രാജ്യം നല്‍കിയിട്ടുള്ള സംഭാവനകള്‍ 700 മില്യണ്‍ ഡോളര്‍ കവിയും.സിറിയക്കാരെ അഭയാര്‍ത്ഥികളായല്ല, അതിഥികളായാണ് കരുതുന്നത്. രാജ്യത്ത് എവിടെ വേണമെങ്കിലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. റെസിഡന്‍സി പെര്‍മിറ്റുകളും അവര്‍ക്കുണ്ട്. രാജ്യത്ത് സൗജന്യ വൈദ്യ ചികില്‍സ ലഭ്യമാക്കുന്ന ഒന്നാണിത്.

കൂടാതെ തൊഴില്‍ തേടുന്നതിനും സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനും ഈ റെസിഡന്‍സ് പെര്‍മിറ്റുകള്‍ അനുവദിക്കുന്നുണ്ട്. മാത്രമല്ല, സിറിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്ന ഉത്തരവ് സൗദി ഭരണാധികാരി 2012ല്‍ പുറപ്പെടുവിച്ചിരുന്നു. ഇതുവരെ ഒരു ലക്ഷം സിറിയന്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് കണക്കുകള്‍.