സമരവേദിയിലെത്തിയ കോണ്‍ഗ്രസ് വനിതാനേതാക്കള്‍ക്കു നേരെ തോട്ടം തൊഴിലാളികളുടെ പ്രതിഷേധം; ബിന്ദു കൃഷ്ണയും ലതിക സുഭാഷും സമരക്കാര്‍ക്കിടയില്‍ നിന്ന് എഴുന്നേറ്റു പോകണമെന്ന് തൊഴിലാളികള്‍

single-img
13 September 2015

Munnar strike photo 1സമരവേദിയിലെത്തിയ കോണ്‍ഗ്രസ് വനിതാനേതാക്കള്‍ക്കു നേരെ തോട്ടം തൊഴിലാളികളുടെ പ്രതിഷേധം. ബിന്ദു കൃഷ്ണ, ലതിക സുഭാഷ് എന്നിവര്‍ക്കെതിരെയാണ് പ്രതിഷേധം. സമരക്കാര്‍ക്കിടയില്‍ നിന്ന് എഴുന്നേറ്റു പോകണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ആര്‍എംപി നേതാവ് കെ.കെ. രമയ്ക്ക് നേരെയും പ്രതിഷേധമുണ്ടായി.

രാഷ്ട്രീയക്കാര്‍ ആരുംതന്നെ സമരസ്ഥലത്തേക്ക് വരേണ്ടെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചിട്ടും സമരത്തില്‍ കളംപിടിക്കാനുള്ള മത്സരത്തില്‍ പ്രതിപക്ഷവും സര്‍ക്കാരും ഒരുപോലെ ഇടപെടുന്നുണ്ട്.   കണ്ണന്‍ ദേവന്‍ കമ്പനിയുടെ തേയില തോട്ടത്തില്‍ ബോണസ് പ്രശ്‌നം ഉയര്‍ത്തിക്കാട്ടി തൊഴിലാളികള്‍ നടത്തുന്ന സമരം ഒന്‍പത് ദിവസമായി തുടരുകയാണ്.

മൂന്നാറിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിച്ചുകൊണ്ടുള്ള സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം. പ്രശ്‌ന പരിഹാരത്തിനായി റോഡ് ഉപരോധം പിന്‍വലിക്കണമെന്ന ജില്ലാ കലക്ടറുടെ ആവശ്യം സമരം നടത്തുന്ന തൊഴിലാളികള്‍ നേരത്തെ തന്നെ തള്ളിയിരുന്നു.

കഴിഞ്ഞ ദിവസം സമരസ്ഥലത്ത് എത്തിയപ്പോള്‍ സമരക്കാര്‍ വിരട്ടിയോടിച്ച സിപിഐഎം എംഎല്‍എ എസ്. രാജേന്ദ്രന്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്  ആരംഭിച്ച നിരാഹാരവും ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്.