ടാറ്റയുടെ പിണിയാളുകള്‍ തൊഴിലാളികളുടെ പേരെഴുതിവെച്ച് നടത്തുന്ന തട്ടിപ്പു കമ്പനിയാണ് കണ്ണന്‍ദേവനെന്ന് വിഎസ് അച്യുതാനന്ദന്‍

single-img
13 September 2015

vs-munnarമൂന്നാര്‍: ടാറ്റയുടെ പിണിയാളുകള്‍ തൊഴിലാളികളുടെ പേരെഴുതിവെച്ച് നടത്തുന്ന തട്ടിപ്പു കമ്പനിയാണ് കണ്ണന്‍ദേവന്‍ കമ്പനിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സര്‍ക്കാരും കമ്പനിയും തീരുമാനമെടുക്കുന്നത് വരെ സമരക്കാര്‍ക്കൊപ്പം ഇരിക്കുമെന്ന് വിഎസ് പറഞ്ഞു. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമര വേദിയില്‍ വിഎസ് സന്ദര്‍ശിച്ചു. തൊഴിലാളികളെ തമിഴില്‍ അഭിസംബോധന ചെയ്താണ് വിഎസ് തന്റെ പ്രസംഗം ആരംഭിച്ചത്.

98 ശതമാനവും തൊഴിലാളികളുടേതാണെന്നാണ് കമ്പനി മാനേജര്‍ പറയുന്നത്. എന്നാല്‍ തൊഴിലാളികളുടെ പേരില്‍ ടാറ്റയുടെ പിണിയാളുകള്‍ നടത്തുന്ന തട്ടിപ്പുകമ്പനിയാണിത്. യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെച്ചാണ് കമ്പനിയുടെ ലാഭനഷ്ടം കണക്കാക്കുന്നത്. കണ്ണന്‍ദേവന്‍ കമ്പനിയെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നയങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിച്ച് കയ്യേറ്റം പ്രോത്സാഹിപ്പിച്ചെന്നും വിഎസ് ആരോപിച്ചു. ആയിരക്കണക്കിന് തൊഴിലാളികള്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാണ് മഞ്ഞും വെയിലും കൊണ്ട് സമരം നടത്തുന്നത്. സമരത്തിന് ഐക്യദാര്‍ഢ്യവുമായി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നത് വരെ മൂന്നാറില്‍ തുടരുമെന്നും വിഎസ് പ്രഖ്യാപിച്ചു. ഏകപക്ഷീയമായി വെട്ടിക്കുറച്ച ബോണസ് പുനസ്ഥാപിക്കണം.

ദിവസക്കൂലി വര്‍ധിപ്പിക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ബോണസ് ഏകപക്ഷീയമായി വെട്ടിക്കുറച്ചതിന് ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.  നിരാഹാരമിരിക്കുന്ന പാര്‍ട്ടിക്കാരന്‍ രാജേന്ദ്രനെ കാണാനല്ല തൊഴിലാളികളെ കാണാനാണ് പോകുന്നതെന്ന് രാവിലെ വിഎസ് വ്യക്തമാക്കിയിരുന്നു.

സമരം തുടങ്ങി ഇത്രയും ദിവസം പിന്നിട്ടിട്ടും യാതൊരു രാഷ്ട്രീയക്കാരെയും, ട്രേഡ് യൂണിയന്‍ നേതാക്കളെയും സംഭവസ്ഥലത്തേക്ക് ക്ഷണിക്കാത്ത സമരക്കാര്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ മാത്രമാണ് മൂന്നാറിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്.

ഇന്നലെ വിഎസ് അച്യുതാനന്ദന്‍ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ മാധ്യസ്ഥം വഹിക്കണമെന്ന ആവശ്യവുമായി മന്ത്രി ഷിബു ബേബിജോണും രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കില്‍ നേരിട്ട് ഇടപെടാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രി പ്രതിപക്ഷനേതാവിനെ മാധ്യസ്ഥനായി തേടിയത്.