ലഡാക്ക് മേഖലയില്‍ ചൈന പണിത നിരീക്ഷണ ഗോപുരം ഇന്ത്യന്‍ സേന പൊളിച്ചു

single-img
13 September 2015

39101163-india-chinaന്യൂഡല്‍ഹി: ചൈന പണിത നിരീക്ഷണ ഗോപുരം ഇന്ത്യന്‍ സേനയും ഇന്തോ–ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ചേര്‍ന്ന് പൊളിച്ചു മാറ്റി. കശ്മീരിലെ ലഡാക്ക് മേഖലയിലായിരുന്നു ചൈനയുടെ നിരീക്ഷണ ഗോപുരം.  വെള്ളിയാഴ്ച പട്രോളിങ്ങിനിടയിലാണ് ഇന്ത്യന്‍ സൈന്യം ഇതു കണ്ടുപിടിച്ചത്.

ശനിയാഴ്ച തന്നെ പൊളിക്കുകയും ചെയ്തു. ചൈനീസ് സൈന്യം എത്തി ഇന്ത്യന്‍ സൈനികരെ ഇവിടെ നിന്നു തിരിച്ചയയ്ക്കാന്‍ നടത്തിയ ശ്രമം ഇന്ത്യ ചെറുത്തു. സ്വന്തം അതിര്‍ത്തിയിലേക്കു മടങ്ങണമെന്ന് ചൈനീസ് ഭാഷയില്‍ എഴുതിയ ബാനറുകള്‍ ഇന്ത്യന്‍ സൈനികര്‍ ഉയര്‍ത്തി. ചൈനീസ് ഭാഗത്തു നിന്നു പ്രതികരണം ലഭിക്കാതിരുന്നതിനാല്‍ ഫ്‌ളാഗ് മീറ്റിങ് നടത്താനുള്ള ശ്രമം വിജയിച്ചില്ല.

അതിര്‍ത്തിയില്‍ രണ്ടു രാജ്യത്തെയും ഭടന്മാര്‍ സ്ഥിരമായി പട്രോളിങ് നടത്തുന്ന ഭാഗത്താണ് ഈ നിരീക്ഷണ കേന്ദ്രം ചൈന നിര്‍മ്മിച്ചത്. ഡെപ്‌സാങ് പ്രദേശത്തെ ബുര്‍ട്‌സി എന്ന സ്ഥലത്താണിത്. കാരക്കോറം ചുരത്തിന്റെയും ദൗലത് ബെഗ് ഓള്‍ഡി എയര്‍സ്ട്രിപ്പിന്റെയും സമീപമായതിനാല്‍ തികച്ചും തന്ത്രപ്രധാനമായ സ്ഥാനവുമാണിത്. സിയാച്ചിന്‍ മഞ്ഞുമലയിലെ ഇന്ത്യന്‍ സൈനികര്‍ക്കുള്ള സാധനങ്ങള്‍ ഈ വിമാനത്താവളം വഴിയാണ് കൊണ്ടു പോകുന്നത്.

ഇന്ത്യയും ചൈനയും തമ്മില്‍ 4057 കിലോമീറ്റര്‍ അതിര്‍ത്തിയുള്ളതില്‍ പലേടത്തും കൃത്യമായ വേലികളോ അതിരുകളോ ഇല്ല. അത്തരം ഒരു സ്ഥലമാണിത്. ഇതൊരു സാധാരണ സംഭവം മാത്രമാണെന്ന് കരസേനയുടെ മുതിര്‍ന്ന കമാന്‍ഡര്‍ പറഞ്ഞു. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പലപ്പോഴും ഇത്തരം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പതിവായി നടക്കുന്ന ഫ്‌ളാഗ് മീറ്റിങ് ചര്‍ച്ചകളില്‍ അവ പരിഹരിക്കപ്പെടാറുമുണ്ട്.

ലഡാക്കിലെ ചുമാര്‍ ഭാഗത്ത് 2013ല്‍ ഇന്ത്യ നിര്‍മിച്ച ഒരു നിരീക്ഷണഗോപുരം ചൈന പൊളിച്ചു മാറ്റിയിരുന്നു. ചൈനയുടെയും പാക്കിസ്ഥാന്റെയും അതിര്‍ത്തിമേഖലകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അടുത്തയാഴ്ച സന്ദര്‍ശിക്കും. കശ്മീരില്‍ നിന്നു ചൊവ്വാഴ്ചയാണ് മൂന്നു ദിവസത്തെ സന്ദര്‍ശനം തുടങ്ങുക.