ഡല്‍ഹി യൂണിവേഴ്‌സിറ്റിക്കു പുറമെ ജെഎന്‍യുവിലും ശ്രദ്ധാകേന്ദ്രമായി എബിവിപി; ഒന്‍പതു സീറ്റുകള്‍ എബിവിപി നേടി

single-img
13 September 2015

jnuഡല്‍ഹി യൂണിവേഴ്‌സിറ്റിക്കു പുറമെ  ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും ശ്രദ്ധാകേന്ദ്രമായി എബിവിപി.  ജോയിന്റ് സെക്രട്ടറി സീറ്റും ഒന്‍പതു കൗണ്‍സിലര്‍മാരെയും എബിവിപി വിജയിപ്പിച്ചു.  ഒന്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എബിവിപി നരേന്ദ്രമോഡി സര്‍ക്കാരിന്റെ കാലത്ത് ജെഎന്‍യുവില്‍ വീണ്ടും വിജയത്തിലേക്ക് മടങ്ങിയെത്തുന്നത്.

ഇത്തവണ എസ്എഫ്‌ഐയുമായി സഖ്യമില്ലാതെ മത്സരിച്ച എഐഎസ്എഫിന്റെ കനയ്യ കുമാറാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.ജെഎന്‍യു ചരിത്രത്തില്‍ ആദ്യമായാണ് എഐഎസ്എഫിന്  പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കുന്നത്.

62 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍  തീവ്ര ഇടതുപക്ഷ വിഭാഗമായ ഐസയുടെ സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചാണ് കനയ്യകുമാര്‍ വിജയത്തിലെത്തിയത്. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്ക്   ഐസയുടെ പ്രവര്‍ത്തകരാണ് വിജയിച്ചത്.

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ പ്രധാനപ്പെട്ട സീറ്റുകള്‍ കരസ്ഥമാക്കിയത് ഐസയായിരുന്നു. നാലു കൗണ്‍സിലര്‍ സ്ഥാനങ്ങളല്ലാതെ പ്രധാനപ്പെട്ട സീറ്റുകളൊന്നും ഇത്തവണയും എസ്എഫ്‌ഐയ്ക്ക് തിരിച്ചുപിടിക്കാനായില്ല.കഴിഞ്ഞ വര്‍ഷത്തെ 54.58 ശതമാനത്തെ അപേക്ഷിച്ച് ഇത്തവണ 53.3 ശതമാനം പേര്‍ മാത്രമേ ഇലക്ഷനില്‍ പങ്കെടുത്തുള്ളു.