കാൽ നൂറ്റാണ്ടുകള്‍ക്ക് ശേഷം പുനലൂർ പേപ്പർ മിൽ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു

single-img
12 September 2015

11988634_10153598231359513_8768966736283352670_nകൊല്ലം: കാൽ നൂറ്റാണ്ടുകള്‍ക്ക് ശേഷം പുനലൂർ പേപ്പർ മില്ലിൽ വീണ്ടും സൈറൻ മുഴങ്ങി . ഇന്നലെ വൈകിട്ട് 6ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഒരു മെഷീന്റെ പ്രവർത്തനം പുനരാരംഭിക്കും.  ഉടനെ  പഴയ രണ്ട് മെഷീനുകൾ കൂടി നവീകരിച്ച്  ഉല്പാദനം വർദ്ധിപ്പിക്കും.  ആദ്യഘട്ടത്തിൽ 120 പേർക്കും  തുടർന്ന്   450 പേർക്കും തൊഴിൽ ലഭിക്കും.

പേപ്പര്‍ മില്‍ കോമ്പൌണ്ടില്‍ തടിച്ച് കൂടിയ വന്‍ജനക്കൂട്ടത്തെ സാക്ഷിയാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മില്ലിന്റെ പ്രവര്‍ത്തനം സ്വിച്ച് ഓണ്‍ ചെയ്തു. രണ്ട് പതിറ്റാണ്ടിലധികം മില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് കാത്തിരുന്ന തൊഴിലാളി കുടുംബങ്ങള്‍ക്കും നാട്ടുകാര്‍ക്കുമായി പുനലൂര്‍ പേപ്പര്‍ മില്‍ സമര്‍പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിമാരായ അടൂര്‍ പ്രകാശ്, ഷിബു ബേബിജോണ്‍ , കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

11226931_920919871312445_1153587819969784428_nആദ്യ ഘട്ടത്തിൽ കാർട്ടൺ ബോക്സുകൾ നിർമ്മിക്കുന്നതിനുള്ള ക്രാഫ്റ്റ് പേപ്പറാണ്   ഉല്പാദിപ്പിക്കുന്നത്. പ്രതിദിനം 90 ടൺ ക്രാഫ്റ്റ് പേപ്പർ ഉല്പാദിപ്പിക്കാനാവും .   പഴയ പേപ്പറുകളും പേപ്പർ വേസ്റ്റുകളും റീസൈക്കിൾ ചെയ്താവും പേപ്പർ ഉല്പാദിപ്പിക്കുക. ഇതു മലീനീകരണം ഒഴിവാക്കും.   2 വർഷത്തിനകം മില്ലിൽ റൈറ്റിംഗ് ആൻഡ് പ്രിൻിംഗ് പേപ്പറും ഡ്യുപ്ലക്സ് ബോർഡ് പേപ്പറും ഉല്പാദിപ്പിക്കും.

കടുത്ത സാമ്പത്തിക ബാദ്ധ്യതകളെത്തുടർന്ന് 1986ലാണ് മില്ലിന്റെ പ്രവർത്തനം  നിലച്ചത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പേപ്പർ മിൽ റിസീവർ ഭരണത്തിലായി .   100 കോടി രൂപ ചെലവാക്കിയാണ്  നവീകരണം പൂർത്തിയാക്കിയത്. കെ.എസ്.ഇ.ബി അടക്കമുള്ള സ്ഥാപനങ്ങൾക്ക് അടയ്ക്കാനുള്ള കുടിശികയിൽ സർക്കാർ ഇളവ് അനുവദിച്ചു. തൊഴിലാളികളുടെ   ശമ്പള കുടിശികയും മറ്റും  പുതിയ മാനേജ്മെന്റ് കൊടുത്തു തീർത്തു.