‘ആരോഗ്യ കേരളം’ പദ്ധതിയില്‍ ലക്ഷങ്ങളുടെ ക്രമക്കേട്

single-img
12 September 2015

arogyaകൊച്ചി: ‘ആരോഗ്യ കേരളം’ പദ്ധതിയില്‍ ലക്ഷങ്ങളുടെ ക്രമക്കേട്. നഴ്‌സുമാര്‍ക്ക് സിം കാര്‍ഡുകള്‍ വിതരണം ചെയ്തതിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ലോകായുക്ത നടത്തിയ റെയ്ഡില്‍ ‘ആരോഗ്യ കേരള’ത്തിന്റെ എറണാകുളം ജില്ലാ ഓഫീസില്‍ നിന്ന് 560 സിം കാര്‍ഡുകള്‍ പിടിച്ചെടുത്തു. നഴ്‌സുമാര്‍ക്ക് വിതരണം ചെയ്തതായി രേഖയുണ്ടാക്കി ബില്ലുകള്‍ അടച്ചുകൊണ്ടിരുന്ന സിം കാര്‍ഡുകളാണിവ.

നഴ്‌സുമാര്‍ക്ക് വിതരണം ചെയ്തതായി രേഖയുണ്ടാക്കി ബില്ലടയ്ക്കാന്‍ പ്രതിമാസം അര ലക്ഷത്തിനും ഒരു ലക്ഷത്തിനും ഇടയിലുള്ള തുകയാണ് എഴുതിയെടുത്തുകൊണ്ടിരുന്നത്. മറ്റു ജില്ലകളിലും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് സൂചനകള്‍.

2013ലാണ് ‘ആരോഗ്യ കേരളം’ സംസ്ഥാനത്തെ ജൂനിയര്‍ പ്രൈമറി ഹെല്‍ത്ത് നഴ്‌സുമാര്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കാനുള്ള പദ്ധതി ആരംഭിച്ചത്. പദ്ധതിക്കു വേണ്ടി എറണാകുളം ജില്ലയില്‍ മാത്രം 638 സിം കാര്‍ഡുകള്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ വാങ്ങിച്ചതായാണ് രേഖ.   എന്നാല്‍, ഇതുവരെ അതില്‍ ഒരു സിം കാര്‍ഡുപോലും നഴ്‌സുമാര്‍ക്ക് വിതരണം ചെയ്തിട്ടില്ല. സിം കാര്‍ഡുകളൊന്നും ഇതുവരെ ആക്ടിവേറ്റ് ചെയ്തിട്ടില്ലെന്നും കണ്ടെത്തി.

സിം കാര്‍ഡുകള്‍ വാങ്ങാന്‍ 3,98,688 രൂപ ചെലവഴിച്ചതായാണ് ‘ആരോഗ്യ കേരള’ത്തിന്റെ രേഖകളില്‍ കാണുന്നത്. എന്നാല്‍ സിം കാര്‍ഡുകള്‍ സൗജന്യമായിട്ടാണ് കമ്പനി നല്‍കിയതെന്നാണ് ലോകായുക്തയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 2013 ഏപ്രിലില്‍ 96,319 രൂപുടെ ബില്‍ അടച്ചതായാണ് രേഖകളില്‍ കാണിച്ചിരിക്കുന്നത്.

മെയ്, ജൂണ്‍, ആഗസ്റ്റ് മാസങ്ങളില്‍ 70,971 രൂപ വീതമാണ് ബില്ലടയ്ക്കാനായി എഴുതിയെടുത്തിട്ടുള്ളത്. ജൂലായില്‍ 47,726 രൂപയുടെയും സപ്തംബറില്‍ 41,730 രൂപയുടെയും ബില്ലടച്ചതായാണ് രേഖ. ആക്ടിവേറ്റ് പോലും ചെയ്യാത്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇത്ര വലിയ തട്ടിപ്പ് നടത്തിയതെന്നാണ് ലോകായുക്തയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.