തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായം-മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

single-img
12 September 2015

munnar-strikമൂന്നാര്‍: തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും ആവശ്യമെങ്കില്‍ താന്‍ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടുമെന്നും മുഖ്യമന്ത്രി  പറഞ്ഞു. കെ.ഡി.എച്ച്.പി കമ്പനി അധികൃതരുമായി നാളെ എറണാകുളത്ത് വെച്ച് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.  കമ്പനി വിട്ടുവീഴ്ചയ്ക്ക് തയാറായി പ്രശ്‌നം പരിഹരിക്കപ്പെടണം എന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികളുടെ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് രാജേന്ദ്രന്‍ എം.എല്‍.എ. നിരാഹാരസമരം തുടങ്ങി.  തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ താന്‍ മൂന്നാറിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം നാളെ ആലുവയില്‍ തൊഴില്‍മന്ത്രി ഷിബു ബേബിജോണുമായി സമരക്കാര്‍ ചര്‍ച്ച നടത്തും.

കെ.ഡി.എച്ച്.പി. കമ്പനിയിലെ തൊഴില്‍പ്രശ്‌നം അതിരൂക്ഷമാണ്. വെള്ളിയാഴ്ച സമരസ്ഥലത്തെത്തിയ എസ്.രാജേന്ദ്രന്‍ എം.എല്‍.എ.യെ സമരക്കാര്‍ ആക്രമിച്ചു. ചെരിപ്പുകളും കല്ലുമായി തൊഴിലാളിസ്ത്രീകള്‍ എം.എല്‍.എ.യെ ഓടിച്ചുവിട്ടു. എന്നാല്‍, ഉച്ചയോടെ എത്തിയ ബിജിമോള്‍ എം.എല്‍.എയെ സമരക്കാര്‍ കൈയടിയോടെ സ്വീകരിച്ചത്.

വൈകീട്ട് ജില്ലാ കളക്ടര്‍ വി.രതീശന്‍ എത്തി, റോഡുപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ബോണസ്, ശമ്പളവര്‍ധന ആവശ്യപ്പെട്ട് കെ.ഡി.എച്ച്.പി. കമ്പനി തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തെത്തുടര്‍ന്ന് ഏഴാംദിവസവും മൂന്നാര്‍ സ്തംഭിച്ചു.