10,000 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുമെന്ന് അമേരിക്ക; 2,42,000 സിറിയന്‍ അഭയാര്‍ഥികള്‍ രാജ്യത്ത് കഴിയുന്നുണ്ടെന്ന് യു.എ.ഇ

single-img
11 September 2015

siriaവാഷിംഗ്ടണ്‍:  സിറിയയില്‍ നിന്നുള്ള 10,000 അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുമെന്ന് അമേരിക്ക. അടുത്ത ഒരു വര്‍ഷത്തിനിടെ ഘട്ടംഘട്ടമായി ഇവരെ രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കു വേണ്ടി വൈറ്റ് ഹൗസ് അറിയിച്ചു.2011-ല്‍ ആഭ്യന്തരകലാപം തുടങ്ങിയതുമുതല്‍ ഇതുവരെ 1,500 പേരെ സിറിയയില്‍ നിന്ന് അമേരിക്കയില്‍ പുനഃരധിവസിപ്പിച്ചിട്ടുണ്ട്. കൂടാതെ ഒക്ടോബറോടെ 300 പേരെ കൂടെ കൊണ്ടുവരുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

അതിനിടെ ഒരുലക്ഷം സിറിയക്കാര്‍ യു.എ.ഇ.യിലെത്തിയതായാണ് യു.എ.ഇ അധികൃതരുടെ വിശദീകരണം. നിലവില്‍ 2,42,000 സിറിയക്കാര്‍ രാജ്യത്ത് കഴിയുന്നുണ്ട്. അഭയാര്‍ത്ഥിപ്രശ്‌നത്തില്‍ യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ എന്തുചെയ്തുവെന്ന ചോദ്യത്തിന് മറുപടിയായാണ് രാജ്യത്തെ സിറിയക്കാരുടെ വിശദവിവരം യു.എ.ഇ നല്‍കിയത്.

2012 മുതല്‍ സിറിയന്‍ അഭയാര്‍ത്ഥികളുടെ ക്ഷേമത്തിനായി 53 കോടി ഡോളറിന്റെ സഹായം നല്‍കിയതായും യു.എ.ഇ വ്യക്തമാക്കി.  യു.എ.ഇ. നല്‍കുന്ന സഹായങ്ങളില്‍ നിശ്ചിതശതമാനം ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ത്ഥിക്യാമ്പുകളിലേക്കാണ് പോകുന്നത്. ഇവിടെയുള്ള മൂന്ന് ക്യാമ്പുകളിലൊന്ന് പ്രവര്‍ത്തിക്കുന്നത് യു.എ.ഇ.യുടെ സാമ്പത്തിക സഹായത്തോടെയാണ്. 4000 അഭയാര്‍ഥികള്‍ ഈ ക്യാമ്പില്‍ കഴിയുന്നുണ്ട്. മൊത്തം അഞ്ച് ലക്ഷത്തിലധികം സിറിയക്കാരാണ് ജോര്‍ദാനില്‍ അഭയം തേടിയിരിക്കുന്നത്.