ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദ്; നാം മറക്കരുത് ഈ ധീര പോരാളിയെ

single-img
11 September 2015

Havildar_Abdul_Hamid_Portrait

1965 ലെ ഇന്ത്യ പാക് യുദ്ധത്തില്‍ മറക്കാനാകാത്ത ഒരു അധ്യായമാണ് ഇന്ത്യന്‍ സൈനിക പോരാളിയായ ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദിന്റേത്. പാകിസ്ഥാന്റെ വമ്പന്‍ പാറ്റേന്‍ ടാങ്കറുകളെ ഒറ്റയാള്‍ പോരാളിയായി നേരിട്ട് തകര്‍ത്ത് അവസാനം യുദ്ധഭൂമിയില്‍ പിടഞ്ഞുവീണ് മരിച്ച ഇന്ത്യയുടെ ധീരപോരാളി. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് 50 വയസ്സ് പൂര്‍ത്തിയായി.

ഉത്തര്‍പ്രദേശിലെ ധാമൂപൂരിലെ ഗാസിപൂര്‍ ജില്ലയില്‍ 1933ജൂലൈ 1നായിരുന്നു അബ്ദുള്‍ ഹമീദ് ജനിഞ്ഞത്. കുട്ടിക്കാലത്തുതന്നെ സൈനികനാവണമെന്ന് ആഗ്രഹിച്ച അബ്ദുള്‍ ഹമീദ് ഒടുവില്‍ തന്റെ ലക്ഷ്യം നേടിയെടുക്കുകയായിരുന്നു. ഗ്രനേഡറീസ് ഇന്‍ഫന്ററി റെജിമെന്റില്‍ 239885 എന്ന സേന നമ്പറില്‍ നിയമിതനായ അബദ്ുള്‍ ഹമീദ് പിന്നീട് ഫോര്‍ത്ത് ബറ്റാലിയനിലേക്ക് മാറി. അതുകഴിഞ്ഞ് അഞ്ച് വര്‍ഷം ആന്റിടാങ്ക് വിഭാഗത്തിലെ പ്രധാന പോരാളിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

1965 ലെ ഇന്ത്യ പാക് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. സെപ്തംബര്‍ 10ന് പാക്കിസ്ഥാന്‍ സൈന്യം വമ്പന്‍ പാറ്റേണ്‍ ടാങ്കുകളുമായി ഗ്രനേഡിയന്‍ പൊസിഷനിലേക്ക് കടന്നെത്തി ആക്രമിക്കുകയായിരുന്നു. സൈന്യത്തിന്റെ മുന്നണിയില്‍ നിന്നു പോരാടിക്കൊണ്ടിരുന്ന അബ്ദുള്‍ ഹമീദിന് തന്റെ ബറ്റാലിയനെ ലക്ഷ്യമിട്ട് വരുന്ന പാറ്റണ്‍ ടാങ്കറുകളുടെ ഭീകര വ്യക്തമായി. മനസാന്നിദ്ധ്യം കൈവിടാതെ അദ്ദേഹം ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങുകയായിരുന്നു.

തന്റെ ജീപ്പിനു മുകളില്‍ ടാങ്കര്‍ വേധ തോക്കുമായി കയറി നിന്ന് സൈനികരെ ലക്ഷ്യമാക്കി വന്ന പാക്ക് ടാങ്കറുകളെ ഓരോന്നോരോന്നായി അദ്ദേഹം തകര്‍ത്തു. എന്നാല്‍ വിജയത്തിലേക്കെത്തിയ പോരാട്ടത്തിനൊടുവില്‍ അവസാന പാക് ടാങ്കറിനു മുന്നില്‍ ആ ധീരനായ പോരാളി പിടഞ്ഞു വീഴുകയായിരുന്നു. അബ്ദുള്‍ ഹമീദിന്റെ പോരാട്ട പിന്‍ബലത്തോടെ ഇന്ത്യന്‍ സൈന്യം ആ മേഖലയില്‍ യുദ്ധവിജയം പിടിച്ചെടുത്തു.

ധീരനായ ആ പോരാളിക്ക് മരണാനന്തര ബഹുമതിയായി രാജ്യം പരമവീര ചക്രം നല്‍കി ആദരിച്ചു. ഈ ഒരുകാര്യമൊഴിച്ചാല്‍ അബ്ദുള്‍ ഹമീദിന്റെ സ്മരണയ്ക്ക് സര്‍ക്കാര്‍ യാതൊന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നുള്ളതാണ് സത്യം. ദൂരദര്‍ശനില്‍ 1980കളില്‍ സംപ്രേക്ഷണം ചെയ്ത ചേതന്‍ ആനന്ദ് സംവിധാനം ചെയ്ത ഒരു ഹ്രസ്വ ചിത്രം മാത്രമാണ് പുതു തലമുറയിലെ ജനങ്ങള്‍ക്ക് ആ ധീരപേരാളിയെപ്പറ്റി അറിയാനുള്ള ഏക മാര്‍ഗ്ഗം.