തങ്ങള്‍ നേരിടുന്ന കടുത്ത ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വഴിമാറിയൊഴുകിയ ഒരു നദിയെ 50 ഗ്രാമങ്ങളിലെ പതിനായിരങ്ങളുടെ അധ്വാനത്താല്‍ തിരിച്ചുകൊണ്ടുവന്നു

single-img
11 September 2015

Nadi

പ്രതാപ്ഗര്‍ അലഹബാദ് ജില്ലകളിലെ ജനങ്ങള്‍ ചേര്‍ന്ന് വഴിമാറിയോടിയിരുന്ന ബാകുലാഹി നദിയെ തിരിച്ചുകൊണ്ടുവന്നു. തങ്ങള്‍ നേരിടുന്ന ജല ദൗര്‍ലഭ്യം പരിഹരിക്കാനായാണ് 18 കിലോമീറ്റര്‍ നീളം മണ്ണ്മാറ്റി ഒരു നദിയെ തന്നെ മടക്കി കൊണ്ടുവന്നത്. 2011 ആഗസ്റ്റില്‍ ആരംഭിച്ച കനാല്‍ നിര്‍മ്മാണം ഈ വര്‍ഷം ജൂലൈ അവസാനത്തോടെ പൂര്‍ത്തിയായി. ഇന്ന് നദി ആവശ്യത്തിന് വെള്ളവുമായി ഒഴുകി ജനങ്ങളില്‍ രപതീക്ഷ നിറയ്ക്കുന്നു.

യഥാര്‍ത്ഥത്തില്‍ നദിയെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വഴിമാറ്റി വിടുകയാണ് ചെയ്തത്. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് 25 വര്‍ഷം മുമ്പാണ് ഇറിഗേഷന്‍ വകുപ്പാണ് നദി വഴിമാറ്റാന്‍ മുന്‍ കൈയെടുത്തത്. എന്നാല്‍ വെള്ളപ്പൊക്ക പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞെങ്കിലും കാലക്രമേണ ഈ മേഖലയില്‍ ജലപ്രതിസന്ധി രൂക്ഷമാകുകയും ജനങ്ങള്‍ ബുദ്ധിമുട്ടിലാകുകയുമായിരുന്നു. 1987 വരെ ദേമാ ഗ്രാമത്തിലെ ജലസമൃദ്ധമായിരുന്ന തോറൈ, ബാഹുപൂര്‍, ഗൗര, നന്ദാ കാ പുര, സരേ ദാവോറിയി തുടങ്ങിയ മേഖലകള്‍ നദിയുടെ ഗതി മാറ്റിവിട്ടതോടെ കൃഷിക്ക് പുറമേ കുളിക്കാനും കുടിക്കാനും പോലും വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് മാറി.

പ്രതാപ്ഗറിലെ മന്ദാത്ത, അലഹബാദിലെ ഹോള്‍ഗര്‍, സൊറാവോണ്‍ മേഖലകളിലായിരുന്നു പ്രതിസന്ധി ഏറ്റവും രൂക്ഷം. 2003 ല്‍ ഗ്രാമീണരുടെ ദു:ഖം കണ്ട് മാഗ്‌സാസേ പുരസ്‌ക്കാര ജേതാവായ രാജേന്ദ്രസിംഗാണ് ജലത്തെ തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യം ഗ്രാമീണരെ ബോദ്ധ്യപ്പെടുത്തുകയും മുന്നിട്ടിറങ്ങുകയും െചയ്തത്. സര്‍ക്കാരിന്റെ പിന്തുണയില്ലാതെ തന്നെ ജനങ്ങള്‍ അക്കാര്യം ഏറ്റെടുക്കുകയും ഇതിന്റെ ഫലമായി 2011 ല്‍ 50 ഗ്രാമങ്ങളില്‍ നിന്നുള്ള പതിനായരക്കണക്കിന് പേര്‍ നദിയെ തിരിച്ചു കൊണ്ടുവരാന്‍ സജ്ജരായി 12 ലക്ഷം രൂപ സ്വരൂപിക്കുകയുമായിരുന്നു.

പുതിയ നദി വെട്ടാന്‍ ജെസിബി പോലെയുള്ള സാങ്കേതിക സംവിധാനങ്ങളും ജനങ്ങള്‍ ഉപയോഗിച്ചു. ഇതിനിടയില്‍ ഉയര്‍ന്നുവന്ന ഗ്രാമീണരെ മാറ്റിപാര്‍പ്പിക്കല്‍ പോലെയുള്ള പലതരം പ്രതിസന്ധികള്‍ ജനങ്ങള്‍ തരണം ചെയ്തു. എല്ലാ തടസ്സങ്ങളും മറികടന്ന് 15.5 കിലോ മീറ്റര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പ്രതാപ്ഗര്‍ ജില്ലാ ഭരണകൂടം പദ്ധതിയില്‍ ഇടപെടുകയും ബാക്കി പണികള്‍ അവരുടെ സഹായത്തോടെ പൂര്‍ത്തിയാക്കുകയുമായിരുന്നു.

നദിവെട്ട് പൂര്‍ത്തിയാക്കിയതോടെ പ്രതാപ്ഗറിലെ പുരേ തുറായ് ഗ്രാമത്തില്‍ ശക്തമായ ഡാം കെട്ടണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ഗ്രാമീണര്‍. ഇക്കാര്യം പരിഗണിക്കണമെന്ന് കാണിച്ച് ഇവര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഗ്രാമീണരെ സഹായിക്കാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറപ്പും നല്‍കിയിട്ടുണ്ട്.