കണ്ണാടിക്കൂട്ടിലെ കണ്ണീര്‍ വാര്‍ക്കുന്ന ഗുരുപ്രതിമകളും പാതിവഴിയില്‍ വിപ്ലവമുരിഞ്ഞ പ്രസ്ഥാനവും

single-img
11 September 2015

guru

ജാതികോമരങ്ങള്‍ അരങ്ങുവാണ കാലത്ത് അതില്‍ നിന്നും ഈ സമൂഹത്തെ മോചിപ്പിക്കാനും ജാതി മേലാളന്‍മാര്‍ കയ്യടക്കിവെച്ചിരുന്ന സാധാരണക്കാരന്റെ അവകാശങ്ങള്‍ അവര്‍ക്ക് തിരിച്ചുകിട്ടാനും പ്രവര്‍ത്തിച്ച ‘ജീവിച്ചിരുന്ന’ ഒരു മഹത്‌വ്യക്തിയായിരുന്നു ഗുരു. എന്നാല്‍ ഇന്ന് അതേ സമൂഹം കണ്ട ഏറ്റവും വലിയ വില്‍പ്പന ചരക്കായി അദ്ദേഹം മാറിയിരിക്കുന്നു എന്നുള്ള കാര്യം സാമാന്യബോധമുള്ള ഏതൊരു വ്യക്തിക്കും മനസ്സിലാകുന്ന കാര്യമാണ്. ഗുരുവിന്റെ പേരില്‍ ആശുപത്രികളും കോളേജുകളും സ്‌കൂളുകളുമുള്‍പ്പെടെയുള്ള സേവന മേഖലകളില്‍ കൂടി എസ്.എന്‍.ഡി.പി എന്ന ‘ജാതിയ സംഘടന’ കോടികള്‍ നേടുകയും, കൊടിയും ചിഹ്നവും നിറവുമൊക്കെ സ്വന്തമാക്കി തങ്ങളുടെ ജാതി വിളിച്ചു പറഞ്ഞ് സംഘടനയിലെ മിടുക്കന്‍മാര്‍ അവകാശങ്ങളും അതിന് അതീതമായതും നേടിയെടുക്കുമ്പോള്‍ ഗുരുദേവന്‍ പറഞ്ഞ കുറേയേറെ മഹത്‌വചനങ്ങളില്‍ ഒന്ന് ഓര്‍മ്മയിലേക്കോടിയെത്തും: ജാതി ചോദിക്കരുത്, പറയരുത്.

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ സി.പി.എം കഴിഞ്ഞ ദിവസം സംഘപരിവാറിന്റെ ചില നിലപാടുകള്‍ക്കെതരെ നടത്തിയ ഘോഷയാത്രയില്‍ ഗുരുവിനെ കുരിശ്ശില്‍ തറച്ച നിശ്ചലദൃശ്യം അവതരിപ്പിച്ചു എന്നുള്ളതാണ് പ്രബുദ്ധകേരളത്തിന്റെ ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്കടിസ്ഥാനം. സി.പി.എം ഗുരുവിനെ കുരിശ്ശില്‍ തറച്ച് അപമാനിച്ചു എന്നുള്ള വാദം ഉയര്‍ത്തുന്നത് ഭൂരിപക്ഷം വരുന്ന ഈഴവ സമുദായമല്ല. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബി.ജെ.പിയും ആര്‍.എസ്.എസും മറ്റു സംഘപരിവാര്‍ സംഘടനകളുമാണ്. ഇവിടെ ചിന്തിക്കേണ്ട വിഷയം, ഇക്കാര്യത്തില്‍ ഇവര്‍ക്കെന്താണ് കാര്യമെന്നുള്ളതാണ്. വര്‍ഷങ്ങളായി എസ്.എന്‍.ഡി.പി യോഗത്തിന്റെ ജീവാത്മാവും പരമാത്മാവുമായ വെള്ളാപ്പള്ളി നടേശനെന്ന വ്യക്തിയും അദ്ദേഹത്തിന്റെ കൂട്ടാളികളും എന്തുകൊണ്ട് ഈ ഒരു നിശ്ചലദൃശ്യം സമുദായത്തിന്റെ അഭിമാനത്തിനെ മുറിവേല്‍പ്പിച്ചു എന്ന രീതിയില്‍ പ്രചരണം അഴിച്ചു വിടുന്നു. ഉത്തരം ഒന്നേയുള്ളു. വാക്കില്‍ നിന്നും പ്രവൃത്തിയില്‍ നിന്നും ഗുരു മരിക്കുന്നതിന് മുമ്പ് ഒഴിവാക്കിയ പ്രസ്തുത യോഗത്തെയും അതുവഴി സമുദായത്തേയും അതേ ഗുരുവിനെ മുന്‍നിര്‍ത്തി സംഘപരിവാറിന്റെ തൊഴുത്തില്‍ കൊണ്ട് കെട്ടാനുള്ള വെള്ളാപ്പള്ളി നടേശന്റെ ശ്രമങ്ങളുടെ തുടക്കമാണത്.

സാധാരണക്കാരന് വേണ്ടി ജീവിതാവസാനം വരെ പോരാടി ഒരു സാധാരണക്കാരനായിതന്നെ മരിച്ച ഗുരുവിനെ ദൈവമാക്കി കണ്ണാടിക്കൂട്ടില്‍ പ്രതിഷ്ഠിച്ച് ആരാധിക്കുകയും അദ്ദേഹത്തിന്റെ വാക്കിനേയും പ്രവൃത്തിയേയും സ്വര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി വളച്ചൊടിച്ച് പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് ഈ ചാരിത്ര്യ പ്രസംഗം നടത്തുന്നതെന്നുള്ളതാണ് ഏറെ രസകരം. കള്ള് ചെത്തരുത്, കുടിക്കരുത്, കൊടുക്കരുത് എന്ന് ഓതിയ ഗുരുവചനത്തെ ‘വിദേശ മദ്യത്തെപ്പറ്റിയല്ല, സാധാ കള്ളിനെപ്പറ്റിയാണ് ഗുരു പറഞ്ഞതെ’ന്ന രീതിയില്‍ വ്യാഖ്യാനിച്ച വെള്ളാപ്പള്ളി യോഗം ജനറല്‍ സെക്രട്ടറിയായി തുടരുന്നതിനൊപ്പം വരുമോ ഈ നിശ്ചല ദൃശ്യംകൊണ്ടുണ്ടായ ഗുരുനിന്ദ? താന്‍ സ്ഥാപിച്ച എസ്.എന്‍.ഡി.പി യോഗത്തില്‍ നിന്നും ഒഴിഞ്ഞുപോയ ഗുരുദേവനെ ഹൈജാക്ക് ചെയ്ത് ദൈവിക രീതിയില്‍ പ്രതിഷ്ഠിച്ചും സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് കൂട്ടിക്കൊടുത്തും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ തുറന്നുകാണിക്കുന്ന ഈ നിശ്ചല ദൃശ്യം യഥാര്‍ത്ഥത്തില്‍ ഒരു സാധാ ഗുരുഭക്തനെ പൊള്ളിക്കുന്നില്ല. മറിച്ച് ഭക്തിയില്‍ കച്ചവടം നിറക്കുന്ന ചില വ്യക്തിത്വങ്ങളെയാണ് അത് ആക്രമിക്കുന്നത്.

എന്നാല്‍ ചരിത്ര മുന്നേറ്റങ്ങളിലൂടെ കേരളത്തിന്റെ ജനഹൃദയങ്ങള്‍ പിടിച്ചടക്കിയ സി.പി.എമ്മിന് ഇക്കാര്യത്തില്‍ തെറ്റുപറ്റി എന്ന് പറയാതിരിക്കാന്‍ വയ്യ. കാരണം നാടകങ്ങളിലൂടെയും ജനങ്ങള്‍ക്കിടയിലേക്കിറങ്ങിചെല്ലുന്ന മറ്റു കലാരൂപങ്ങളിലൂടെയും ജനങ്ങളെ അടുപ്പിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ, നേരം ഇരുട്ടിവെളുത്തപ്പോഴുള്ള ‘നിശ്ചലരൂപം തെറ്റായിരുന്നു’ എന്ന നിലപാടാണ് യഥാര്‍ത്ഥത്തില്‍ തെറ്റ്. വര്‍ത്തമാന കേരളത്തിലെ ഗുരുദേവന്റെ സ്ഥിതിയെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കാന്‍ ഈ ഫ്‌ളോട്ടിലൂടെയും അതിന് അനുബന്ധിച്ചുണ്ടാകുന്ന ചര്‍ച്ചയിലൂടെയും പാര്‍ട്ടിക്ക് സാധിക്കുമെന്നിരിക്കേ, അടുത്തു വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അത് തെറ്റായിപ്പോയി എന്ന് പാര്‍ട്ടിസെക്രട്ടറി പ്രസ്താവനയിറക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ചുവപ്പ് പ്രതിസന്ധിയെയാണ് കാണിക്കുന്നത്. ഒരു സംഘടനയുടെ കച്ചവടക്കണ്ണിനുമുന്നില്‍ നാണംകെട്ട് ചൂളി നില്‍ക്കുന്ന അവസ്ഥയിലേക്ക് പാര്‍ട്ടി തരംതാഴ്ന്നിരിക്കുന്നു. ഗുരുദേവന്റെ സ്ഥാനത്ത് ചട്ടമ്പിസ്വാമിയുടേയോ മന്നത്ത് പത്മനാഭന്റേയോ ദൃശ്യങ്ങള്‍ സി.പി.എം ചെയ്യുമോ എന്ന വെള്ളപ്പള്ളിയുടെ ചോദ്യത്തിന് മറുപടികൊടുക്കാനാകാതെ തലകുമ്പിട്ട് നില്‍ക്കുന്ന അവസ്ഥ കടുത്ത അണികളിലെ വിപ്ലവത്തെപ്പോലും തണുപ്പിച്ചേക്കാം

ഒരു നിശ്ചല ദൃശ്യത്തിന്റെ പേരില്‍ വാളെടുത്ത് ഉറഞ്ഞുതുള്ളുന്ന വെള്ളാപ്പള്ളിയും പിന്തുണനല്‍കുന്ന ആര്‍.എസ്.എസ് ബി.ജെ.പി സംഘടനകളും തലശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൈ വെട്ടിയെറിഞ്ഞ ഗുരുദേവ പ്രതിമയുടെ കാര്യത്തെ ന്യായീകരിക്കുന്നത് കാണുമ്പോള്‍ എസ്.എന്‍.ഡി.പി സംഘപരിവാര്‍ ബന്ധത്തിന്റെ കുറച്ചുകൂടി വ്യക്തതയുള്ള ചിത്രം ലഭ്യമാകും. ബി.ജെ.പി പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ട ഗുരുദേവ പ്രതിമ സ്ഥാപിച്ചിരുന്ന ഒന്നല്ലെന്നും അത് ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഒന്നാണെന്നുമാണ് കഴിഞ്ഞദിവസം യോഗം ജനറല്‍ സെക്രട്ടറി കണ്ടുപിടിച്ചു തന്നത്. നിശ്ചല ദൃശ്യത്തിലൂടെ തകര്‍ന്നുപോയ ഗുരു ഭക്തരുടെ അഭിമാനം പ്രതിമയുടെ കൈവെട്ടിയതിലൂടെ വാനോളം ഉയര്‍ന്നു എന്ന് പറയാതെ പറയുകയാണ് വെള്ളാപ്പള്ളിയും സംഘവും. താന്‍ ഒരു സാധാ മനുഷ്യനാണെന്ന് ജീവിച്ചിരിക്കുമ്പോള്‍ നാഴികയ്ക്ക് നാല്‍പ്പതു വട്ടം ആവര്‍ത്തിച്ച ശ്രീനാരായണ ഗുരുദേവനെന്ന വ്യക്തിയെ ദൈവമാക്കി മുക്കോട് മുക്ക് കണ്ണാടിക്കൂടുകളിലടച്ച് ബന്ധിച്ച ‘ആജീവനാന്ത’ ജനറല്‍ സെക്രട്ടറിയോട് ഗുരുഭക്തര്‍ ക്ഷമിച്ചാലും ഗുരുദേവന്റെ ആത്മാവ് ക്ഷമിക്കുമെന്ന് തോന്നുന്നില്ല.

സംഘപരിവാറിനെ കൂട്ടുപിടിച്ച് വ്യക്തിപരമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ചില വ്യക്തികള്‍ യോഗത്തെ മുന്‍നിര്‍ത്തി കളിച്ച കളികളും അതിനെ പ്രതിരോധിക്കാനാകാതെ തങ്ങളുടെ വോട്ട് ബാങ്ക് ചോര്‍ന്ന് പോകുമെന്ന് ഭയപ്പെട്ട് പ്രസ്തുത വ്യക്തികളുടെ കാലില്‍ നിരുപാധികം വീണ് മാപ്പുപറഞ്ഞ വിപ്ലവപാര്‍ട്ടിയായ സി.പി.എമ്മിന്റെ രാഷ്ട്രീയ പാപ്പരത്വവുമാണ് കേരളം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. നിശ്ചല ദൃശ്യത്തിലൂടെ ഗുരുവിന്റെ ഇന്നത്തെ അവസ്ഥ സി.പി.എം കാണിക്കാന്‍ ശ്രമിച്ചത് ഒരിക്കലും ശരികേടാണെന്ന് കേരളത്തിലെ ഭൂരിഭാഗം വരുന്ന ജനങ്ങളും വിശ്വസിക്കുന്നില്ല. സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ ഒരു ശക്തിക്കും കീഴ്‌പെടാതെ തുറന്നു കാണിക്കാന്‍ ശ്രമിക്കുന്നവരെ പ്രബ്രുദ്ധരായ കേരള ജനത അംഗീകരിച്ചിട്ടേയുള്ളു. യോഗത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന ‘ഗുരു കച്ചവടത്തെ’ ഉയര്‍ത്തിക്കാട്ടിയ സംഭവത്തില്‍ ഉറച്ചു നില്‍ക്കുന്നതിന് പകരം അത് ചെയ്ത പ്രവര്‍ത്തകരെ ശാസിക്കുകയും വെള്ളാപ്പള്ളി നടേശനും അണികളുമാണ് യഥാര്‍ത്ഥ ഈഴവ സമുദായമെന്ന് വിശ്വസിക്കുകയും ചെയ്ത് പ്രവര്‍ത്തിക്കുന്ന സി.പി.എം, കേരളത്തിലെ സാധാ ജനങ്ങളുടെ മനസ്സില്‍ ഗുരുവിനെ കച്ചവടമാക്കി കാശാക്കുന്ന എസ്.എന്‍.ഡി.പി യോഗത്തോളം തന്നെ തെറ്റുകാരാണ്.