2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനപരമ്പര; സിമി പ്രവര്‍ത്തകരായ 12 പ്രതികള്‍ കുറ്റക്കാര്‍

single-img
11 September 2015

mumbai-serial-മുംബൈ: 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനപരമ്പര കേസില്‍ സിമി പ്രവര്‍ത്തകരായ 12 പ്രതികള്‍ കുറ്റക്കാര്‍. വിധി പ്രസ്താവിച്ച പ്രത്യേക മക്കോക്ക കോടതി ഒരാളെ വെറുതെ വിട്ടു. സ്‌ഫോടനങ്ങളില്‍ 188 പേര്‍ കൊല്ലപ്പെടുകയും 829 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 13 പ്രതികളാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ടവരില്‍ ആറു മലയാളികളും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 19 ന് വിചാരണ പൂര്‍ത്തിയായ കേസിലാണ് വിധി.

സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം 2008ല്‍ നിര്‍ത്തിവച്ച വിചാരണ 2010ല്‍ പുനരാരംഭിക്കുകയായിരുന്നു. 192 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. 2006 ജൂലൈ 11 ന് മുംബൈ വെസ്റ്റേണ്‍ ലൈനിലെ ട്രെയിനുകളില്‍ ആര്‍ഡിഎക്‌സ് ഉപയോഗിച്ച് ഏഴ് സ്‌ഫോടനങ്ങള്‍ നടത്തിയെന്നാണ് കേസ്.

ഭീകര വിരുദ്ധ സംഘം   28 പ്രതികള്‍ക്കെതിരെ 10,667 പേജുകളുള്ള കുറ്റപത്രമാണു തയാറാക്കിയിരുന്നത്. ഇവരില്‍ 13 പേരാണ് അറസ്റ്റിലായത്. ‘മകോക’, ഇന്ത്യന്‍ ശിക്ഷാനിയമം, ഇന്ത്യന്‍ സ്‌ഫോടന നിയമം തുടങ്ങിയവയുടെ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മുഹമ്മദ് സാജിദ് അന്‍സാരി, അബ്ദുല്‍ വാജുദ്ദീന്‍, നാവേദ് ഹുസൈന്‍ ഖാന്‍, ആസിഫ് ഖാന്‍ ബഷീര്‍ ഖാന്‍, ഡോ. തന്‍വീര്‍ അന്‍സാരി, മുഹമ്മദ് മാജിദ് മുഹമ്മദ് ഷക്കീല്‍, മുഹമ്മദ് അലി ആലം ഷെയ്ഖ്, മുസമ്മില്‍ ഷെയ്ഖ്, ഫൈസല്‍ ഷെയ്ഖ്, കമാല്‍ അന്‍സാരി, സാമിര്‍ ഷെയ്ഖ്, ഇഹ്തഷാന്‍ സിദ്ദിഖി, സൊഹൈല്‍ ഷെയ്ഖ് എന്നിവരാണ് എടിഎസ് പിടിയിലായ പ്രതികള്‍.

ലഷ്‌കറെ തയിബയുടെ ഇന്ത്യയിലെ തലവന്‍ അസം ചീമ, അസ്‌ലം,  ഹാഫിസുല്ല, സാബിര്‍, അബു ബക്കര്‍, കസം അലി, അമ്മു ജാന്‍,ഇഹ്‌സാനുല്ല, അബു ഹസന്‍ എന്നീ പാക്കിസ്ഥാന്‍ പൗരന്‍മാരും ഇന്ത്യക്കാരായ റിസ്വാന്‍ ദാവ്രെ, റാഹില്‍ ഷെയ്ഖ്, അബ്ദുല്‍ റസാഖ്, സൊഹെയ്ല്‍ ഷെയ്ഖ്, ഹഫീസ് സുബെര്‍, അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവരെയാണു പിടികിട്ടാനുള്ളത്.