ബീഫ് നിരോധനം; കശ്മീര്‍ താഴ്‌വരയെ കൂടുതല്‍ അശാന്തിയിലേക്ക് തള്ളി വിടാനുള്ള ശ്രമവുമായി വിഘടനവാദികള്‍

single-img
11 September 2015

beef-1ജമ്മുകശ്മീരിലെ ബീഫ് നിരോധനം മുതലെടുക്കുവാനുള്ള  തയ്യാറെടുപ്പുമായി വിഘടനവാദികള്‍. വിഷയം കൂടുതല്‍ ആളിക്കത്തിച്ച്  കശ്മീര്‍ താഴ്‌വരയെ കൂടുതല്‍ അശാന്തിയിലേക്ക് തള്ളി വിടാന്‍ ശ്രമം നടക്കുന്നതായി സൂചന.  ഹൈക്കോടതി വിധിക്കെതിരെ ജമ്മുകാശ്മീരിൽ ഉടനീളം പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനും താഴ്‌വരയിൽ ശനിയാഴ്ച ബന്ദ് ആചരിക്കാനും ഹുറിയത്ത് കോൺഫറൻസ് നേതാവ് സയ്യദ് അലി ഷാ ഗിലാനി ആഹ്വാനം ചെയ്തിരിക്കുകയാണ്.

അതേസമയം,​ വലിയ പെരുന്നാളിന് കന്നുകാലികളുടെ മാത്രം ഇറച്ചി ഭക്ഷിക്കാൻ നാഷ്ണൽ ഫ്രണ്ട് ചെയർമാനും വിഘടനവാദി നേതാവുമായ നയീം ഖാൻ അനുയായികളോട് ആവശ്യപ്പെട്ടു. കോടതിയുടേയോ സർക്കാരിനെയോ ഉദ്യോഗസ്ഥരുടേയോ ഉത്തരവുകളല്ല, ശരിയത്ത് നിയമമാണ് മുസ്ലീങ്ങൾ അനുസരിക്കേണ്ടത്. മുസ്ലീങ്ങൾ എന്താണ് ഭക്ഷിക്കേണ്ടതെന്ന് കൽപ്പിക്കാൻ ലോകത്ത് മറ്റാർക്കും അവകാശമില്ല. കോടതിയുടെ തീരുമാനം മുസ്ലീങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തിയെന്നും നയീം ഖാൻ പറഞ്ഞു.

ഇരു പ്രസ്താവനകളും കശ്മീര്‍ അടുത്ത വര്‍ഗീയ കലാപത്തിലേക്കുള്ള വക്കിലെത്തി എന്ന സൂചനകളാണ് നല്‍കുന്നത്. വിഘടനവാദികള്‍ വിഷയം ഏറ്റെടുത്തതോടെ കശ്മീര്‍ വിഷയത്തില്‍ പൊതുജനാഭിപ്രായം വിഘടനവാദികള്‍ക്കനുകൂലമാകാന്‍ സാധ്യത ഏറെയാണ്. ഇത് താഴ്വരയില്‍ സംഘര്‍ഷം വ്യാപിപ്പിക്കും.  കാശ്മീരികളുടെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ വികലമായി ചിത്രീകരിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതായു വിഘടനവാദികള്‍ കുറ്റപ്പെടുത്തുന്നു.

ഗോവധത്തിനെതിരെ അഭിഭാഷകനായ പരിമോക്ഷ് സേത്ത് സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിച്ചാണ് ജമ്മു കാശ്മീരിൽ ബീഫ് വിൽപ്പന നിരോധിച്ചുകൊണ്ട് ഹൈക്കോടതി  വ്യാഴാഴ്ച ഉത്തരവിട്ടത്.