യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കൊടും പാപമെന്ന് ഐസിസ്

single-img
11 September 2015

isis-darകെയ്‌റോ: യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കൊടും പാപമെന്ന് ഐസിസ് ഭീകരര്‍. കടലില്‍ മുങ്ങി മരിച്ച സിറിയന്‍ കുഞ്ഞ് ഐലാന്‍ കുര്‍ദിയുടെ ചിത്രം പ്രസിദ്ധീകരിച്ച ഐസിസ് നിയന്ത്രണത്തിലുള്ള ദബീഖ് എന്ന ഓണ്‍ലൈന്‍ മാസികയുടെ പുതിയ ലക്കത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കുരിശിന്റെ നാട് ഭരിക്കുന്നത് അന്തസില്ലാത്തവരും നിരീശ്വരവാദികളുമാണ്.

ഇസ്‌ലാമിന്റെ ജന്മനാടിനെ ഉപേക്ഷിക്കുന്നതിലെ ആപത്ത് എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ എത്തുന്ന അഭയാര്‍ഥികള്‍ ലൈംഗിക ചൂഷണത്തിനും മദ്യത്തിനും മയക്കുമരുന്നിനും ഇരകളാകും. ഐസിസ് ഖിലാഫത്ത് ഉപേക്ഷിക്കുന്നത് മക്കള്‍ക്കും ചെറുമക്കള്‍ക്കും ക്രൈസ്തവതയിലേക്കുള്ള വാതില്‍ തുറക്കലാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ പാപങ്ങളില്‍പ്പെട്ട് അഭയാര്‍ഥികള്‍ ഖുറാന്റെ ഭാഷയായ അറബിക് മറന്നേക്കാമെന്നും ഇത് മതത്തിലേക്കും മതപഠനങ്ങളിലേക്കുമുള്ള മടക്കത്തിന് തടസമാകുമെന്നും ലേഖനം പറയുന്നു. കടലിലൂടെയുള്ള പാലായനത്തിനിടെ മുങ്ങി മരിച്ച ഐലാന്‍ കുര്‍ദിയുടെ ചിത്രമാണ് സിറിയയില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹം ലോക ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതോടെ അഭയാര്‍ഥികള്‍ക്കായി യൂറോപ്യന്‍ രാജ്യങ്ങള്‍ വാതില്‍ തുറന്നിടുകയായിരുന്നു.