ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ വിരമിച്ചു

single-img
10 September 2015

brad-haddin-retirement-australiaസിഡ്നി: ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിടപറഞ്ഞു. മാർച്ചിൽ നടന്ന ലോകകപ്പ് ഫൈനലിൽ വിജയിച്ചത്തിന് ശേഷം ഏകദിന ക്രിക്കറ്റിൽ നിന്നും ഹാഡിൻ വിരമിച്ചിരുന്നു. എന്നാൽ ഓസ്ട്രേലിയൻ ബിഗ് ബാഷ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ സിഡ്നി സിക്സേഴ്സിനു വേണ്ടി കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആഡം ഗിൽക്രിസ്റ്റ് വിരമിച്ചപ്പോൾ മുപ്പതാം വയസ്സിലാണ് ഹാഡിൻ ടെസ്റ്റ് ക്യാപ് അണിയുന്നത്. 66 ടെസ്റ്റുകൾ കളിച്ചു. ഇയാൻ ഹീലിയും (119), ആഡം ഗിൽക്രിസ്റ്റും (96) റോഡ് മാർഷും (96) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ടെസ്റ്റ് കളിച്ചിട്ടുള്ള ഓസീസ് വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിനാണ്. പുറത്താക്കലുകളിലും ഇതേ നേട്ടം ഹാഡിൻ കൈവരിച്ചിട്ടുണ്ട്. 270 പേരെ പുറത്താക്കിയിട്ടുണ്ട്. ഗിൽക്രിസ്റ്റ് (416), ഹീലി (395), മാർഷ് (355) എന്നിവരാണ് മുന്നിലുള്ളത്. ബാറ്റ്സ്മാൻ എന്ന നിലയിൽ 3266 റൺസാണ് സമ്പാദ്യം. 32.98 ശരാശരിയിൽ നാലു സെഞ്ചുറിയും 18 അർധ സെഞ്ചുറിയും നേടിയിട്ടുണ്ട്. 169 റൺസാണ് ഹാഡിന്റെ ഉയർന്ന സ്കോർ. കൂടാതെ ഹാഡിൻ കഴിഞ്ഞ രണ്ടു വർഷത്തിൽ ഭൂരിഭാഗം സമയവും ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റനുമായിരുന്നു.

ഒടുവിലത്തെ ആഷസ് പരമ്പരയിലെ ആദ്യ മൽസരത്തിൽ മോശം പ്രകടനം നടത്തിയ ഹാഡിൻ രണ്ടാം ടെസ്റ്റിൽ കുടുംബ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവായി. പകരമെത്തിയ പീറ്റർ നെവിലിനെ തുടർന്നും അതേ സ്ഥാനത്തു തുടരാൻ ടീം മാനേജ്മെന്റ് അനുവദിച്ചതോടെ ഹാഡിനു പുറത്തേക്കുള്ള വഴി തെളിഞ്ഞു. ‘ലോർഡ്സ് ടെസ്റ്റോടെ ഭാവിയെക്കുറിച്ചു ബോധ്യമായി, ആഷസ് പരമ്പരയോടെ രാജ്യാന്തര ക്രിക്കറ്റിൽ തുടരാനുള്ള ആവേശം നഷ്ടമായി’, ഹാഡിൻ പറയുന്നു.

ആഷസിനു ശേഷം ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക്, ഷെയ്ൻ വാട്സൻ, ഓപ്പണർ ക്രിസ് റോജേഴ്സ് എന്നിവരും ഓസ്ട്രേലിയൻ രാജ്യാന്തര ടെസ്റ്റിൽ നിന്നു വിരമിച്ചിരുന്നു.