ബീഹാർ ബി.ജെ.പി. നേടില്ലെന്ന് സര്‍വേഫലം: 132 സീറ്റുകളും കിട്ടുക വിശാലസഖ്യത്തിന്; ബിജെപി സഖ്യത്തിന് 110 സീറ്റുകൾ

single-img
10 September 2015

nitish-modi_660_113013111633പറ്റ്‌ന: ഇന്ത്യ ടിവി-സി വോട്ടർ ബിഹാർ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ വോട്ടർ അഭിപ്രായ വോട്ടെടുപ്പിൽ ബിജെപിക്കെതിരായി സർവേഫലം. 243 മണ്ഡലങ്ങളിലായി 10,638 അഭിമുഖങ്ങൾ നടത്തിയാണ് സർവേഫലം തയാറാക്കിയതെന്ന് ഇന്ത്യ ടിവി പറയുന്നു. ആർജെഡി, ജനതാദൾ-യു, കോൺഗ്രസ്സ് സഖ്യം ആകെയുള്ള 243 സീറ്റിൽ 116 മുതൽ 132 വരെ നേടുമെന്നാണ് സർവേഫലം. ബിജെപി, ലോക് ജനശക്തി പാർട്ടി, രാഷ്ട്രീയ ലോക് സമതാ പാർട്ടി എന്നിവരടങ്ങുന്ന സഖ്യത്തിന് 94 മുതൽ 110 സീറ്റുവരെ ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിലുള്ള ശക്തിപരീക്ഷണത്തിനാണ് ബിഹാർ വേദിയാകുന്നത്.

ബിഹാറിൽ ഒക്‌ടോബർ 12 മുതൽ നവംബർ 5 വരെ അഞ്ചു ഘട്ടങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പു നടത്തുമെന്ന് ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണലും ഫലപ്രഖ്യാപനവും നവംബർ എട്ടിന് നടക്കും.

6.68 കോടി വോട്ടർമാരാകും ജനവിധി നിർണ്ണയിക്കുക. ഒക്‌ടോബർ 12, 16, 28, നവംബർ ഒന്ന്, അഞ്ച് തീയതികളിലാണു പോളിംഗ്. ഒന്നാം ഘട്ടമായ ഒക്‌ടോബർ 12നു 49 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ 32 മണ്ഡലങ്ങളിലും മൂന്നാം ഘട്ടത്തിൽ 50 മണ്ഡലങ്ങളിലും നാലാം ഘട്ടത്തിൽ 54 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ 54 മണ്ഡലങ്ങളിലുമാണു വോട്ടെടുപ്പ്.

സ്ഥാനാർത്ഥികളുടെ ഫോട്ടോ പതിച്ച ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാകും സംസ്ഥാനത്താകെ ഉപയോഗിക്കുക. നോട്ടയും രേഖപ്പെടുത്താനാകും. നവംബർ പന്ത്രണ്ടോടെ തെരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാകും. നവംബർ 29നാണു നിലവിലെ നിയമസഭയുടെ കാലാവധി പൂർത്തിയാവുക.

ആകെയുള്ള 62,779 ബൂത്തുകളിലും കേന്ദ്രസേനയ്ക്കു പുറമേ തീവ്രവാദ ഭീഷണിയുള്ള 49 മണ്ഡലങ്ങളിൽ കൂടുതൽ പോലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളുടെ അധിക കമ്പനികളെയും നിയോഗിക്കും. മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ ബിഹാറിലെ എല്ലാ ബൂത്തുകളിലും കേന്ദ്രസേനയെ നിയോഗിക്കുമെന്നും കമ്മീഷൻ അറിയിച്ചു.