മൂന്നാർ തൊഴിലാളി സമരം:ചർച്ച പരാജയം;സമരം ശക്തമാകുന്നു,സമരത്തിലേക്ക് തമിഴ് തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറാന്‍ സാധ്യത

single-img
10 September 2015

screen-16.53.45[10.09.2015]മൂന്നാര്‍ കണ്ണന്‍ ദേവന്‍ എസ്റ്റേറ്റിലെ തൊഴില്‍ പ്രശ്നം പരിഹരിക്കാന്‍ കമ്പനി പ്രതിനിധികള്‍ മന്ത്രി ഷിബു ബേബി ജോണുമായി രണ്ടാമതും നടത്തിയ ചര്‍ച്ച പരാജയം. ഒത്തുതീര്‍പ്പു ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. കമ്പനി പ്രതിനിധികളുമായി ഞായറാഴ്ച എറണാകുളത്ത് വീണ്ടും ചര്‍ച്ച നടത്തും.മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ക്ക് കണ്ണന്‍ദേവന്‍ കമ്പനി നല്‍കുന്ന ശമ്പളവും, ബോണസും വര്‍ധിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ആരംഭിച്ച സമരമാണു ഇന്ന് ആറാംദിവസത്തിലേക്ക് കടന്നത്. . പ്രശ്നം പരിഹരിക്കുന്നത് വരെ സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം. ഇന്നലെയും സമരക്കാരുമായി മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.

രാവിലെ എട്ടുമണിമുതല്‍ ആയിരക്കണക്കിന് സ്ത്രീതൊഴിലാളികള്‍ മൂന്നാറിലേക്കുള്ള റോഡുകള്‍ ഉപരോധിക്കുകയാണ്.അഞ്ചുദിവസമായി തുടരുന്ന തോട്ടം തൊഴിലാളി സമരം മൂന്നാറിലെ ടൂറിസം മേഖലയെ തന്നെ താറുമാറാക്കി. മണിക്കൂറുകള്‍ നീളുന്ന റോഡ് ഉപരോധവും അക്രമവും വിനോദസഞ്ചാരികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കി. കൂടുതല്‍ പേര്‍ സമരത്തിന് എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ ഗതാഗത തടസം മറ്റിടങ്ങളിലേക്കുകൂടി വ്യാപിച്ചേക്കുമെന്നാണ് ആശങ്ക.

സംഘടിത നേതൃത്വമില്ലാതെയാണു മൂന്നാറില്‍ തോട്ടം തൊഴിലാളികളുടെ സമരം നടക്കുന്നത്.സമരത്തിലേക്ക് തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇടുക്കിയിലെ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങള്‍ തമിഴ്നാടിനോട് ചേര്‍ക്കണമെന്ന് രഹസ്യ പ്രചാരണം നടത്തി തമിഴ് തീവ്രവാദ സംഘടനകള്‍ മൂന്നാറില്‍ ചുവടുറപ്പിച്ചിട്ടുണ്ട്.തമിഴ് തൊഴിലാളികൾക്കെതിരായി നടക്കുന്ന ചൂഷണം തമിഴ് തീവ്രവാദ സംഘടനകൾ മുതലെടുക്കാൻ ശ്രമിക്കുമെന്ന് മുന്നറിയിപ്പുണ്ട്.