പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരത്തില്‍

single-img
10 September 2015

Hunger-strikeമുംബൈ:  പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല നിരാഹാര സമരത്തില്‍. സംഘ് പരിവാര്‍ ബന്ധമുള്ളവരെ  ഇന്‍സ്റ്റിറ്റിയൂട്ട് ഭരണസമിതിയില്‍ നിയമിച്ചതിനെതിരെ കഴിഞ്ഞ മൂന്നു മാസമായി തുടരുന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സമരം. മൂന്ന് വിദ്യാര്‍ഥികളാണ്  അനിശ്ചിതകാല നിരാഹാരസമരത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്.  തങ്ങളുടെ ആവശ്യങ്ങള്‍ക്കു നേരെ കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ചതില്‍ പ്രതിഷേധിച്ച്  ഹിലാല്‍ സവാദ്, ഹിമാന്‍ഷു ശേഖര്‍, അലോക് അറോറ എന്നിവരാണ് വ്യാഴാഴ്ച ഉച്ചയോടെ നിരാഹാര സമരം തുടങ്ങിയത്.

കഴിഞ്ഞ ശനിയാഴ്ച വിദ്യാര്‍ഥികളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫാകല്‍ട്ടി അഭിജീത് ദാസ് നിരാഹാര സമരം തുടങ്ങിയിരുന്നു. എന്നാല്‍ സമരം തുടങ്ങി 66 മണിക്കൂറിന് ശേഷം ആരോഗ്യസ്ഥിതി മോശമാകുന്നതിനാല്‍ വിദ്യാര്‍ഥികളുടെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു.

ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റിയൂട്ട് ഭരണ സമിതി അധ്യക്ഷനാക്കി  ജൂണ്‍ 12 ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. അടൂര്‍ ഗോപാല കൃഷ്ണന്‍, ശ്യാം ബെനഗല്‍, ഗുല്‍സാര്‍ തുടങ്ങിയ പ്രമുഖരെ തഴഞ്ഞായിരുന്നു ഗജേന്ദ്ര ചൗഹാനെ ഭരണസമിതി അധ്യക്ഷനാക്കിയത്. ഗജേന്ദ്ര ചൗഹാന്റെ യോഗ്യതയെ ചോദ്യം ചെയ്തും മുമ്പ് ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികളുടെ ആവിഷ്‌കാര സ്വാതന്ത്രത്തിനെതിരെ ആക്രമണത്തിന് നേതൃത്വം നല്‍കിയവരെ ഉള്‍പെടുത്തിയത് ചൂണ്ടിക്കാട്ടിയും വിദ്യാര്‍ഥികള്‍ സമരം തുടങ്ങുകയായിരന്നു. എന്നാല്‍ സമരം തുടങ്ങിയതിനുശേഷം ഒരിക്കല്‍ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയത്.

വിദ്യാര്‍ഥികള്‍ക്ക് എതിര്‍പ്പുള്ള സമിതി അംഗങ്ങള്‍ സാവധാനം രാജിവെച്ചൊഴിയുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവ്യക്തതയെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അത് തള്ളുകയായിരുന്നു. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇന്‍സ്റ്റിറ്റിയുട്ട് അടച്ചു പൂട്ടുകയൊ സ്വകാര്യ വല്‍ക്കരിക്കുകയോ ചെയ്യുമെന്ന മുന്നറിയിപ്പും നേരത്തെ ലഭിച്ചതായും ഇവര്‍ പറയുന്നു.