പണ്ട് ചായ വില്‍പ്പന നടത്തുന്നതിനിടെയാണ് താന്‍ ഹിന്ദി പഠിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
10 September 2015

NARENDRA_MODI_2511693f പണ്ട് ചായ വില്‍പ്പന നടത്തുന്നതിനിടെയാണ് ഹിന്ദി പഠിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭോപാലില്‍ തുടക്കമായ ത്രിദിന ലോക ഹിന്ദി സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘താന്‍ ഗുജറാത്തിയാണ്. പലരും അത്ഭുതപ്പെടാറുണ്ട്, താന്‍ എങ്ങനെ ഇത്ര നന്നായി ഹിന്ദി സംസാരിക്കുന്നതെന്ന്. ഗുജറാത്തികള്‍ ഹിന്ദി സംസാരിക്കുന്നത് കേട്ടാല്‍ മിക്കവര്‍ക്കും ചിരിവരും. ജനങ്ങള്‍ എന്നോട് എങ്ങനെ ഇത്ര ഒഴുക്കോടെ ഹിന്ദി സംസാരിക്കാന്‍ കഴിയുമെന്ന് ചോദിച്ചാല്‍ , താന്‍ പറയും, പണ്ട് ചായ വില്‍പ്പന നടത്തുന്നതിനിടെയാണ് ഹിന്ദി പഠിച്ചത്.

ലോകത്തില്‍ ഏകദേശം ആറായിരം ഭാഷകളാണുള്ളത്. ഇതില്‍ 90 ശതമാനം ഭാഷകള്‍ക്കും 21 ാം നൂറ്റാണ്ട് അവസാനിക്കുന്നതോടെ മരണമണി മുഴങ്ങും. അവഗണനയാണ് ഭാഷകള്‍ വംശനാശം സംഭവിക്കാന്‍ ഇടയാക്കുന്നതെന്ന്  മോദി പറയുന്നു. സംസ്കൃത ഭാഷയ്ക്ക് സംഭവിച്ചതും മറിച്ചൊരു അവസ്ഥയല്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സംസ്കൃത ഭാഷയില്‍ എഴുതപ്പെട്ട അമൂല്യ ഗ്രന്ഥങ്ങള്‍ വായിച്ചെടുക്കാന്‍ ഇന്ന് പുരാവസ്തു ഗവേഷകരുടെ സഹായം തേടേണ്ട അവസ്ഥയായിരിക്കുന്നു.

ഭാഷകളുടെ നിലനില്‍പ്പ് ലോകത്തിന് ആവശ്യമാണെന്നും മോദി പറഞ്ഞു.  തങ്ങളുടെ ഭാഷകള്‍ക്ക് നിലനില്‍പ്പില്ലെന്ന സത്യം ലോകം അംഗീകരിച്ചു കഴിഞ്ഞു. എന്നാല്‍ ലോകം മുഴുവന്‍ ഹിന്ദിക്ക് പ്രചാരമുണ്ട്. ചൈനയില്‍ വരെ ഹിന്ദി സംസാരിക്കുന്നവരുണ്ട്. ഇതില്‍ മുഖ്യപങ്കു വഹിക്കാന്‍ ബോളിവുഡ് ചലച്ചിത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു. താന്‍ ഗുജറാത്തിലാണ് ജനിച്ചത്. തനിക്ക് ഹിന്ദി അറിയാമായിരുന്നില്ല. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ഭാഷയുടെ കരുത്തും സ്വാധീനവും തനിക്ക് വ്യക്തമായി അറിയാമെന്നും മോദി പറഞ്ഞു.