ഇറച്ചി വിതരണം ചെയ്ത് പ്രതിഷേധിച്ച ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
10 September 2015

beef-ban-protestമുംബൈ: അറവും മാംസ വില്‍പനയും നിരോധിച്ചതിനെതിരെ ഇറച്ചി വിതരണം ചെയ്ത് പ്രതിഷേധിച്ച ശിവസേന, എം.എന്‍.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ജൈനമതക്കാരുടെ വ്രതത്തേട് അനുബന്ധിച്ച്  ഇന്നും നാളെയും അടുത്ത വ്യാഴം വെള്ളി ദിവസങ്ങളിലുമാണ് മുംബൈ നഗരസഭാ പരിധിയില്‍ അറവും ഇറച്ചി കച്ചവടവും നിരോധിച്ചിരിക്കുന്നത്. താനെ, നവി മുംബൈ മേഖലകളില്‍ ഇന്നു മുതല്‍ തുടര്‍ച്ചയായി എട്ടു ദിവസത്തേക്കാണ് നിരോധം. ഇന്നു രാവിലെ ദാദറില്‍ ബിജെപി സര്‍ക്കാറിനെതിരെ മുദ്രാവാക്യം മുഴക്കി രംഗത്തെത്തിയ എം.എന്‍.എസ്, ശിവസേനാ പ്രവര്‍ത്തകര്‍ ആട്ടിറച്ചിയും കോഴിയിറച്ചിയും വിതരണം ചെയ്യുകയായിരുന്നു.

അതേസമയം, ഭരണഘടനാ അവകാശങ്ങള്‍ ലംഘിച്ചാണ് നഗരസഭ അറവും ഇറച്ചി കച്ചവടവും നിരോധിച്ചതെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ തീരുമാനത്തെ ചോദ്യംചെയ്ത് മട്ടന്‍ ഡീലേസ് അസോസിയേഷന്‍  ഹൈക്കോടതിയെ സമീപിച്ചു. ജനങ്ങളുടെ ആഹാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് നിരോധമെന്നു ഹരജിക്കാര്‍ ആരോപിച്ചു. മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് നഗരസഭ നിരോധം ഏര്‍പ്പെടുത്തിയതെന്നും ഹരജിക്കാര്‍ പറയുന്നു.

ശിവസേനാ, എന്‍.സി.പി പാര്‍ട്ടികള്‍ ഇറച്ചി നിരോധത്തിന് എതിരെ ശക്തമായി രംഗത്തുണ്ടെങ്കിലും അവര്‍ ഭരിക്കുന്ന നഗര സഭകളാണ് നിരോധം ഏര്‍പ്പെടുത്തിയത്. മുംബൈയില്‍ ശിവസേനയും നവിമുംബൈയില്‍ എന്‍.സി.പിയുമാണ് നഗരസഭ ഭരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം നഗരസഭാ കമീഷണര്‍മാരാണ് നിരോധം ഏര്‍പ്പെടുത്തിയതെന്നാണ് ശിവസേനയും എന്‍.സി.പിയും അവകാശപ്പെടുന്നത്. കൂടാതെ ബിജെപി ഭരിക്കുന്ന മീരാഭയന്തറില്‍ നഗരസഭാ പ്രമേയത്തിലൂടെയാണ് എട്ടു ദിവസത്തെ നിരോധം ഏര്‍പ്പെടുത്തിയത്.