ഇന്ത്യക്ക് 2000 ലധികം ആണവ പോര്‍മുനകള്‍ നിര്‍മ്മിക്കുന്നതിനുള്ള ശേഷിയുണ്ടെന്ന് പാക്കിസ്ഥാന്‍

single-img
10 September 2015

atom-bombഇസ്‌ലാമാബാദ്: ഇന്ത്യക്ക് 2000 ലധികം ആണവ പോര്‍മുനകള്‍ നിര്‍മ്മിക്കുന്നതിനുള്ള ശേഷിയുണ്ടെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്റെ ദേശീയ നയരൂപീകരണ സമിതിയായ ദ് നാഷണല്‍ കമാന്‍ഡ് അതോറിറ്റിയെ (എന്‍സിഎ) ഉദ്ധരിച്ച് പാക്ക് ദേശീയ മാധ്യമം ദ് ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇതു കാരണം ആണവായുധത്തിന്റെ കാര്യത്തില്‍ കരുതലുള്ളവരായിരിക്കാന്‍ പാക്കിസ്ഥാനും നിര്‍ബന്ധിതരാവുകയാണെന്നും പത്രം റിപ്പോര്‍ട്ട് ചെയുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ആണവ ശക്തിയാണ് പാക്കിസ്ഥാനെന്നും 10 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ ആണവ രാഷ്ട്രമായി പാക്കിസ്ഥാന്‍ മാറുമെന്നും അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആണവ സുരക്ഷയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ എന്‍സിഎ യോഗത്തില്‍ വിലയിരുത്തി. കൂടാതെ പരമ്പരാഗതവും തന്ത്രപ്രധാനവുമായ ആയുധശേഖരത്തിന്റെ കാര്യത്തില്‍ അയല്‍രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നവാസ് ഷരീഫായിരുന്നു യോഗത്തിന്റെ ആധ്യക്ഷത വഹിച്ചത്.

ആണവായുധ ശേഖരത്തിന്റെ കാര്യത്തില്‍ രാജ്യാന്തര രംഗത്തെ അതിശയിപ്പിക്കുന്ന കണക്കുകളാണ് ഇന്ത്യയുടെ കാര്യത്തില്‍ പാക്കിസ്ഥാന്റെ പക്കലുള്ളതെന്നും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവ റിയാക്ടറുകളിലായാലും ആയുധ നിര്‍മ്മിണത്തിന് സഹായിക്കുന്ന പ്ലൂട്ടോണിയത്തിന്റെ കാര്യത്തിലും 2000ല്‍ അധികം ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ശേഷിയാണ് ഇന്ത്യയ്ക്കുള്ളത്.

ഇന്ത്യയുടെ കരുതല്‍ ആയുധ ശേഖരത്തിലുണ്ടാകുന്ന വര്‍ധനയില്‍ യോഗം ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ദക്ഷിണേഷ്യയില്‍ സുരക്ഷാ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗതിമാറ്റങ്ങളെ രാജ്യം ശ്രദ്ധാപൂര്‍വം വീക്ഷിച്ചുവരികയാണെന്നും ദേശീയ സുരക്ഷയ്ക്കായി ആവശ്യമായ എല്ലാ മുന്‍കരുതലുകളും കൈക്കൊള്ളാനും യോഗത്തില്‍ തീരുമാനമായി.