കന്നഡ സാഹിത്യകാരന്‍ കെ.എസ് ഭഗവാന് തപാലില്‍ ഭീഷണിക്കത്ത് ലഭിച്ചു; കല്‍ബുര്‍ഗി വധക്കേസ് ഇഴയുന്നു; പ്രതിഷേധം ശക്തം

single-img
10 September 2015

ks-bhagwan-mm-kalburgiബെംഗളൂരു: കല്‍ബുര്‍ഗി വധക്കേസിലെ പ്രതികളെ കുറിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പോലീസിന് വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ എഴുത്തുകാര്‍ പ്രതിഷേധം ശക്തമാക്കി. അതിനിടെ കന്നഡ സാഹിത്യകാരന്‍ കെ.എസ് ഭഗവാന് തപാലില്‍ ഭീഷണിക്കത്ത് ലഭിച്ചു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കി. തീവ്രഹിന്ദുത്വ സംഘടനകളുടെ ഭീഷണി നേരിടുന്ന  അദ്ദേഹത്തിന്റെ മൈസൂരിലെ വീടിന് പോലീസ് കാവലേര്‍പ്പെടുത്തി.

പ്രമുഖ കന്നട എഴുത്തുകാരന്‍ പ്രൊഫ. ചന്ദ്ര ശേഖര്‍ പാട്ടീല്‍ പമ്പ പുരസ്‌കാരം തിരിച്ചുനല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെ മറ്റ് ആറ് എഴുത്തുകാര്‍ കൂടി തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുമെന്ന് അറിയിച്ചു. ബെംഗളൂരു ബി.എം.ടി.സി.യുടെ അരലു മല്ലികെ അവാര്‍ഡ് ലഭിച്ച വീരണ്ണ മഡിവാള്‍, സതീഷ് ജാവരെ ഗൗഡ , സംഗമേഷ്, ഹനുമന്ത ഹലഗേരി, ശ്രീദേവി അലൂര്‍, ചിദാനന്ദ് സാലി എന്നിവരാണ് പുരസ്‌കാരം തിരിച്ചുനല്‍കുന്നത്.

കേസ് സി.ബി.ഐ.ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും സി.ഐ.ഡി.യാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. സി.ബി. ഐ.ക്ക് വിടുന്നകാര്യം പുനഃപരിശോധിക്കുമെന്ന് അഭ്യന്തരമന്ത്രി കെ. ജെ. ജോര്‍ജ് പറഞ്ഞു. മഹാരാഷ്ട്രയില്‍ സമാനരീതിയില്‍ കൊല്ലപ്പെട്ട സി.പി.ഐ. നേതാവ് ഗോവിന്ദ് പന്‍സാരെയുടെ മകള്‍ സി.ബി. ഐ.ക്ക് വിടുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണിത്. ആഗസ്ത് 31-നാണ് ധാര്‍വാഡിലെ കല്യാണ്‍ നഗറിലെ വസതിയില്‍ കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ചത്.

നേരത്തേ ഹിന്ദി എഴുത്തുകാരന്‍ ഉദയ് പ്രകാശ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ച് നല്‍കുമെന്ന് അറിയിച്ചിരുന്നു. 2010- ലാണ് ഉദയ് പ്രകാശിന് അക്കാദമി അവാര്‍ഡ് നല്‍കിയത്. ഡോ. എം എം കല്‍ബുര്‍ഗിക്ക് 2006-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.

കന്നഡ സാഹിത്യകാരനും ഭാഷാ പണ്ഡിതനുമായ ഡോ. എം.എം കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ പ്രമുഖ സാഹിത്യകാരന്മാര്‍ക്ക് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ജ്ഞാനപീഠം ജേതാവ് ഗിരീഷ് കര്‍ണാട്, എസ്.എം. ബൈരപ്പ അടക്കമുള്ള സാഹിത്യകാരന്മാര്‍ക്കാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

കല്‍ബുര്‍ഗി വെടിയേറ്റുമരിച്ചശേഷം ബജ്‌റംഗ്ദള്‍ നേതാവ് ബുവിത് ഷെട്ടി ഭഗവാനെ ലക്ഷ്യംവെച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത് ഗൗരവമായാണ് പോലീസ് കാണുന്നത്. ”അന്ന് യു.ആര്‍. അനന്തമൂര്‍ത്തി, ഇപ്പോള്‍ എം.എം. കല്‍ബുര്‍ഗി. ഹിന്ദുയിസത്തെ കളിയാക്കുന്നവര്‍ക്ക് പട്ടിയുടെ മരണം. അടുത്തത് കെ.എസ്. ഭഗവാന്‍” ഇതായിരുന്നു ഷെട്ടിയുടെ ട്വീറ്റ്. ഇതില്‍ ബുവിത് ഷെട്ടിക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയുംചെയ്തു.