എസ്.യു.വി. വിഭാഗത്തിൽ മത്സരിക്കാനായി ട്രെയ്ൽബ്ലേസർ എത്തുന്നു

single-img
9 September 2015

chevrolet-trailblazer-1_678x352_71423484306ഇന്ത്യൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ്.യു.വി) വിപണിയിൽ പുതിയയൊരു മത്സരാർത്ഥികൂടി വരുന്നു. അമേരിക്കൻ ഭീമൻമാരായ ജനറൽ മോട്ടോഴ്സ്(ജി എം) കുടുംബത്തിൽ നിന്നും ഷെവർലേ ‘ട്രെയ്ൽബ്ലേസർ’ വിൽപ്പനയ്ക്കെത്തുന്നത്. ഒക്ടോബറോടെ അരങ്ങേറ്റം കുറിക്കുമെന്നു പ്രതീക്ഷിക്കുന്ന ട്രെയ്ൽബ്ലേസർ ഒറ്റ വകഭേദത്തിലാവും എത്തുക. 26 — 29 ലക്ഷം രൂപ വിലയിട്ടാവും ജി എം ട്രെയ്ൽബ്ലേസറിനെ ഇന്ത്യയി എത്തിക്കുക.

ടൊയോട്ട ഫോർച്യൂണർ, മിറ്റ്സുബിഷി പജീറൊ സ്പോർട്ട്, ഫോഡ് എൻഡേവർ എന്നിവരോടാണ് ബോഡി ഓൺ ഫ്രെയിം രീതിയിൽ നിർമിച്ച ‘ട്രെയ്ൽബ്ലേസർ’ കൊമ്പുകോർക്കുന്നത്. ടു വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് ലേ ഔട്ടുകളോടെയും മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സാധ്യതകളോടെയുമൊക്കെയാണ് എതിരാളികൾ എത്തുന്നതെങ്കിലും തുടക്കത്തിൽ ഓട്ടമാറ്റിക് ഗീയർബോക്സും ടു വീൽ ഡ്രൈവുമായി മാത്രമാവും ‘ട്രെയ്ൽബ്ലേസറി’ന്റെ വരവ്.

എതിരാളികളോട് കിടപിടിക്കത്തക്ക സൗകര്യങ്ങളും സംവിധാനങ്ങളും ഉൾപ്പെടുത്തിയാകും ട്രെയ്ൽബ്ലേസർ എത്തുക. രണ്ട്, രണ്ട്, മൂന്ന് ലേ ഔട്ടിൽ ഏഴു പേർക്കാവും പൂർണ എസ് യു വിയായ ‘ട്രെയ്ൽബ്ലേസറി’ൽ യാത്രാസൗകര്യം. സുരക്ഷയ്ക്കായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ആന്റി ലോക്ക് ബ്രേക്കിങ്, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ഡൈനാമിക് റിയർ ബ്രേക്ക് പ്രൊപ്പോഷനിങ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, പാനിക് ബ്രേക്ക് അസിസ്റ്റ്, എൻജിൻ ഡ്രാഗ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ സ്റ്റാർട് അസിസ്റ്റ്, ഇരട്ട എയർബാഗ് എന്നിവയൊക്കെ ട്രെയ്ൽബ്ലേസറിലുണ്ടാവും. കൂടാതെ 80 സെന്റീമീറ്റർ വരെ ആഴത്തിലുള്ള വെള്ളക്കെട്ടിനെ മറികടക്കാനും ഈ എസ് യു വിക്കാവും.

ആറു സ്പീഡ് ഓട്ടമാറ്റിക് ഗിയറിനോട് യോജിപ്പിച്ച 2.8 ലീറ്റർ, ഡ്യുറാമാക്സ്, ഡി ഒ എച്ച് സി ടർബോ ഡീസൽ എൻജിനാണു ട്രെയ്ൽബ്ലേസറിനു കരുത്തേകുക; പരമാവധി 197 ബി എച്ച് പി കരുത്തും 500 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉത്പാതിപ്പിക്കുക..

ആഡംബരത്തിന്റെ കാര്യത്തിലും ജി എം മുൻഗണന നൽകുന്നു. സി ഡി, യു എസ് ബി, ഓക്സിലറി, ബ്ലൂടൂത്ത് കംപാറ്റിബിലിറ്റിയുള്ള ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ക്രൂസ് കൺട്രോൾ, ലതർ സീറ്റ് തുടങ്ങിയവയൊക്കെ ഉൾപ്പെടുത്തിയാവും ട്രെയ്ൽബ്ലേസറിന്റെ  ഇന്ത്യൻ അവതരണം.