പോലീസിനെ പേടിച്ച് ഓടിയ അഭയാര്‍ത്ഥിയായ മധ്യവയസ്‌കനേയും പിഞ്ചുകുഞ്ഞിനേയും കാലുവെച്ച് തള്ളിയിട്ട ടി.വി ചാനലിന്റെ വനിതാ വീഡിയോഗ്രാഫറെ അധികൃതര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

single-img
9 September 2015

Cruel

അഭയാര്‍ത്ഥി പ്രശ്‌നം രൂക്ഷമായിരിക്കുന്ന ഹംഗറിയില്‍ അഭയാര്‍ത്ഥികളായ മധ്യവയസ്‌കനേയും പിഞ്ചു കുഞ്ഞിനേയും കാലുവെച്ച് തള്ളിയിട്ട കാമറാവുമണ്‍ ജോലിയില്‍ നിന്നും തെറിച്ചു. ഹംഗറി-സെര്‍ബിയ അതിര്‍ത്തിയിലെ റോസ്‌കെ അഭയാര്‍ഥി ക്യാമ്പില്‍ വെച്ചാണ് സംഭവം. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കം ആയിരക്കണക്കിനു അഭയാര്‍ഥികളാണ് ഹംഗറിയിലേക്ക് കുടിയേറുന്നത്.

ക്രമാതീതമായി കുടിയേറുന്ന അഭയാര്‍ഥികളെ തടയാന്‍ പോലീസ് എത്തിയപ്പോഴാണ് കാമറാ വുമണിന്റെ ദയാരഹിതമായ പ്രവര്‍ത്തികളുണ്ടായത്. പോലീസിനു പിടികൊടുക്കാതെ അഭയാര്‍ഥികള്‍ നാലുപാടും ഓടുന്നത് വിവിധ ടിവി ചാനലുകളും കാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇതിനിടെയാണ് പോലീസിനെ സഹായിക്കാനെന്ന പേരില്‍ ഹംഗേറിയന്‍ ന്യൂസ് സൈറ്റായ എന്‍1 ടിവിയുടെ കാമറാവുമണ്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ച ഒരു മധ്യവയസ്‌കനെ ഇടംകാലുവച്ച് വീഴ്ത്തിയത്. അയാളുടെ കയ്യില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു ബാലനുമുണ്ടായിരുന്നു.

കാമറാ വുമണ്‍ കാല്‍വെച്ച് തടഞ്ഞതോടെ ഇരുവരും തലകുത്തി വീഴുകയായിരുന്നു. പ്രസ്തുത ദൃശ്യം മറ്റു കാമറാമാന്മാര്‍ പകര്‍ത്തുകയും ചെയ്തു. സംഭവം ചാനലുകള്‍ ഏറ്റെടുത്തതോശട തിരികെ ഓഫീസില്‍ ചെല്ലുന്നതിനു മുമ്പുതന്നെ അധികൃതര്‍ കാമറാവുമണിനെ ചാനലില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു.

വനിതയ്‌ക്കെതിരേ സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഹംഗറിയിലേക്ക് റാസ്‌കെ മേഖല വഴിയാണ് അഭയാര്‍ത്ഥികള്‍ എത്തുന്നത്. ഇതിനാലാണ് ഈ അതിര്‍ത്തിയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയത്. ഹംഗറിയില്‍ ഈവര്‍ഷം മാത്രം 1,67,000 അഭയാര്‍ഥികള്‍ അനധികൃതമായി എത്തിയെന്നാണ് കണക്ക്. അതിര്‍ത്തികടന്നെത്തുന്ന ആയിരക്കണക്കിന് അഭയാര്‍ഥികളെ നിയന്ത്രിക്കാന്‍ ഹംഗറി ശക്തമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്.