ലാസ് വെഗാസ് വിമാനത്താവളത്തില്‍ വെച്ച് ബ്രിട്ടീഷ് എയര്‍വേഴ്സ് വിമാനത്തിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി

single-img
9 September 2015

planeലാസ് വെഗാസ്: യു.എസിലെ ലാസ് വെഗാസ് വിമാനത്താവളത്തില്‍ ബ്രിട്ടീഷ് എയര്‍വേഴ്സ് വിമാനത്തിന് തീപിടിച്ചു. എയര്‍പോര്‍ട്ടില്‍ നിന്ന് വിമാനം ഉയരുന്നതിന് തൊട്ടുമുമ്പാണ് തീപിടുത്തം ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ ഏഴുപേര്‍ക്ക് നിസ്സാര പരിക്കേറ്റു. 159 യാത്രക്കാരും 13 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

ബോയിംഗ് 777 വിഭാഗത്തില്‍പ്പെട്ട ബ്രീട്ടീഷ് എയര്‍വെയ്‌സ് 2276 വിമാനത്തിനാണ് പ്രാദേശിക സമയം ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്ക് തീപിടിച്ചത്. വിമാനത്തിന്‍െറ ഇടത് ഭാഗത്തെ എഞ്ചിനിലാണ് തീപിടിത്തമുണ്ടായത്. പെട്ടെന്ന് തന്നെ അടിയന്തര സംവിധാനമുപയോഗിച്ച് യാത്രക്കാരെ റണ്‍വേയില്‍ ഇറക്കുകയായിരുന്നുവെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അധികൃതര്‍ അറിയിച്ചു. 50 അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി.