തന്നെ മര്‍ദ്ദിച്ച് തെരുവിലെറിഞ്ഞ മകനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനോട് ‘മകനെ ഒന്നും ചെയ്യരുതേ’യെന്ന് അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന യാചന

single-img
8 September 2015

Amma

നൊന്തു പ്രസവിച്ച ഒരമ്മയുടെ യാചന. അതും ഒരു ദയയുമില്ലാതെ തന്നെ തെരുവിലേക്ക് വലിച്ചെറിഞ്ഞ മകന് വേണ്ടി. പെറ്റമ്മയെ നെഞ്ചില്‍ ചവിട്ടി തെരുവിലെറിഞ്ഞ മദ്യപാനിയായ മകനെ അറസ്റ്റ് ചെയ്യാന്‍ പോലീസും കൈകാര്യം ചെയ്യാന്‍ നാട്ടുകാരും തയാറായി നിന്നപ്പോഴാണ് ആ അമ്മ അവരോട് കണ്ണീരോടെ മകന് മവണ്ടി യാചിച്ചത്. ആ അമ്മയുടെ വാക്കിന് വില കല്‍പ്പിച്ച പോലീസ് അവരുടെ തുടര്‍ സംരക്ഷണം പോലീസ് അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിന് കൈമാറി.

നാരങ്ങാനം വെള്ളപ്പാറ മുണ്ടപ്ലാക്കല്‍ മേമുറിയില്‍ 85 വയസ്സുകാരി രാജമ്മക്കാണ് മകന്റെ മര്‍ദനത്തെ തുടര്‍ന്ന് തെരുവിലാകേണ്ടി വന്നത്. ഭര്‍ത്താവും മറ്റ് രണ്ട് ആണ്‍മക്കളും മരണപ്പെട്ടതോടെയാണ് രാജമ്മ മദ്യപനായ ഈ മകനൊപ്പം താമസമായത്. മറ്റുള്ളവരുടെ കാരുണ്യത്താല്‍ ജീവിച്ചിരിക്കുന്ന വൃദ്ധ തനിക്ക് മദ്യപിക്കാന്‍ പണം നല്‍കാത്തതിനും സ്വത്ത് എഴുതി നല്‍കാത്തതിലും പ്രതിഷേധിച്ചാണ് മകന്റെ ഉപദ്രവം ഏറ്റുവാങ്ങിക്കൊണ്ടിരുന്നത്.

കഴിഞ്ഞദിവസം മകന്‍ രാജമ്മയെ മര്‍ദ്ദിച്ച് വീട്ടില്‍ നിന്നും ഇറക്കിവിടുകയും ചെയ്തു. അടിയേറ്റ് കടത്തിണ്ണയില്‍ കിടന്നിരുന്ന വൃദ്ധയെ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് ജില്ലാ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു. എന്നാല്‍ സംഭവം ഗുരുതരമാണെന്ന് മനസ്സിലാക്കിയ മകന്‍ രാത്രിയില്‍ ആരുമറിയാതെ ആശുപത്രിയില്‍ നിന്നും രാജമ്മയെ എടുത്ത് കൊണ്ട് പോരുകയായിരുന്നു.

രാജമ്മയുടെ ദുരിതകഥ മാധ്യമങ്ങളില്‍ നിന്നും അറിഞ്ഞ് രാജമ്മയെ ഏറ്റെടുക്കാന്‍ അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം പ്രവര്‍ത്തകര്‍ പോലീസിനൊപ്പം സ്ഥലത്തെത്തുകയായിരുന്നു. മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരവല്ല, ജോ.സെക്രട്ടറി സി.വി. ചന്ദ്രന്‍, നേഴ്‌സിങ് സ്റ്റാഫ് ആഷാ ജോണ്‍, കോ ഓര്‍ഡിനേറ്റര്‍ അനു എ.നായര്‍ എന്നിവരെത്തിയാണ് രാജമ്മയെ കൂട്ടിക്കൊണ്ട് പോകാനെത്തിയത്.

നാരങ്ങാനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍, ആറന്‍മുള എസ്.ഐ അശ്വത്ത് എസ്.കാരായ്മ, അഡീഷണല്‍ എസ്.ഐ വില്‍സണ്‍ തുടങ്ങിയവരും എത്തിയിരുന്നു. മകനുവേണ്ടിയുള്ള രാജമ്മയുടെ അപേക്ഷ സ്വീകരിച്ച പോലീസ് മകനെതിനെ കേസെടുത്തില്ല.