അറബിയ്ക്ക് ഇനി സ്വന്തം കാലിൽ നട്ടെല്ല് നിവർന്ന് നിൽക്കാം:താങ്ങായത് കിംസ് ആശുപത്രിയിൽ നടന്ന അപൂർവ ശസ്ത്രക്രീയ

single-img
8 September 2015

unnamedതിരുവനന്തപുരം: ഏറെനാളായി നട്ടെല്ല് രോഗസംബന്ധമായി ബുദ്ധിമുട്ടനുഭവിച്ചിരുന്ന യു.എ.ഇ. സ്വദേശി പൂർണ്ണ രോഗവിമുക്തിയോടെ നാട്ടിലേക്ക് മടങ്ങി. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് രോഗശാന്തി ലഭിച്ചത്. അദ്ദേഹത്തിന്റെ നടുവിനുണ്ടായിരുന്ന 70 ഡിഗ്രിയോളം വരുന്ന വളവാണ് കിംസ് ആശുപത്രി നട്ടെല്ല് രോഗ വിദഗ്ദ്ധ വിഭാഗത്തിലെ ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി പരിഹരിച്ചത്.

യു.എ.ഇ. സ്വദേശിയായ അബ്ദുസെയ്ദ് അബ്ദുള്ള അൽബ്രീക്കി കാൽമുട്ടിൽ രക്തം കട്ടപിടിക്കുന്ന രോഗ ചികിത്സയ്ക്കായി പത്തുവർഷങ്ങൾക്ക് മുൻപ് ചെന്നൈയിൽ വന്ന് ചികിത്സ തേടിയിരുന്നു. എന്നാൽ ആ സമയത്ത് അനുഭവപ്പെട്ടിരുന്ന നടുവേദന കാര്യമായിട്ട് എടുത്തിരുന്നില്ല. പിന്നീട് കാലക്രമേണ നടുഭാഗം വളയുവാനും കാലുകൾക്ക് ശക്തമായ വേദന അനുഭവപ്പെടാനും തുടങ്ങി. ഇതുകാരണം ദൈനംദിനചര്യകൾ ചെയ്യുന്നതിനും ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. യു.എ.ഇയിൽ ചികിത്സിക്കുന്നതിനിടയിൽ കിംസ് ആശുപത്രിയെ കുറിച്ച് കേൾക്കുകയും ഇവിടേക്ക് വരുകയും ചെയ്തു.

രോഗിയുടെ പ്രായംകൊണ്ട് നടുവിന് തേയ്മാനം സംഭവിച്ചതും ഞരമ്പുകളുടെ ഞെരുക്കവും കാരണം ശസ്ത്രക്രിയയ്ക്ക് ഡോ. രഞ്ജിത്ത് നിർദ്ദേശിക്കുകയായിരുന്നു. പന്ത്രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലായിരുന്നു ഇൻസ്ട്രമെന്റേഷനുപയോഗിച്ച് നട്ടെല്ല് നിവർത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത ദിവസം മുതൽ തന്നെ രോഗി നടക്കാൻ തുടങ്ങുകയും ഏഴു ദിവസത്തിനകം പൂർണ്ണ രോഗമുക്തിയോടെ ആശുപത്രി വിടുകയും ചെയ്തു.

നാട്ടിൽ നിന്നും വിദേശത്തുനിന്നും നിരവധിപേർ നട്ടെല്ല് രോഗചികിത്സയ്ക്കായി കിംസ് ആശുപത്രിയിൽ വരുന്നുണ്ടെന്നും താക്കോൽ ദ്വാര നട്ടെല്ല് ശസ്ത്രക്രിയകൾക്കും മറ്റ് സംകീർണ്ണമായ അനവധി ശസ്ത്രക്രിയകൾക്കും പ്രത്യേക വൈദഗ്ദ്ധ്യം കിംസ് കൈവരിച്ചിട്ടുണ്ടെന്നും ആശുപത്രി ചെയർമാൻ ഡോ. എം.ഐ. സഹദുള്ള പറഞ്ഞു.