പെണ്‍കുട്ടിയെ ശല്യം ചെയ്ത കേസില്‍ പ്രതി പെണ്‍കുട്ടിയുടെ കാല്പിടിച്ച് ക്ഷമ ചോദിക്കുകയും പെണ്‍കുട്ടി മാപ്പു നല്‍കുകയും ചെയ്താല്‍ അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ ഒരു വര്‍ഷമാക്കി കുറയ്ക്കാമെന്ന് സുപ്രീംകോടതി

single-img
8 September 2015

supreme court

പെണ്‍കുട്ടിയെ ശല്യം ചെയ്ത കേസില്‍ പ്രതി പെണ്‍കുട്ടിയുടെ കാലപിടിച്ച് ക്ഷമ ചോദിക്കുകയും പെണ്‍കുട്ടി മാപ്പു നല്‍കുകയും ചെയ്താല്‍ അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ ഒരു വര്‍ഷമാക്കി കുറയ്ക്കാമെന്ന് സുപ്രീംകോടതി. വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍ കയറിച്ചെന്ന് ശല്യം ചെയ്ത യുവാവിനോടാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

സെക്കന്ദരാബാദിലെ ഭാഗ്യലക്ഷ്മി നഗര്‍ സ്വദേശിയായ പ്രതി സമീപവാസിയായ യുവതിയോട് ഇയാള്‍ നിരന്തരം വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. പെണ്‍കുട്ടി താല്‍പര്യമില്ലാതെ ഒഴിഞ്ഞുമാറിയെങ്കിലും പ്രതി ശല്യം ചെയ്യല്‍ തുടരുകയായിരുന്നു. ഒടുവില്‍ ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയും അവര്‍ യുവാവിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഇത് വകവയ്ക്കാതെ യുവാവ് ഒരു ദിവസം അതിരാവിലെ പെണ്‍കുട്ടിയുടെ കിടപ്പുമുറിയില്‍ പ്രവേശിക്കുകയും തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.

വിചാരണ കോടതി ഇയാള്‍ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷയും 1,000 രൂപ പിഴയും വിധിച്ചുവെങ്കിലും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് ശിക്ഷ രണ്ടു വര്‍ഷമായി കുറയ്ക്കുകയായിരുന്നു. ഇതിനെതിരെ വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി പോകുകയും 20,000 രൂപ കെട്ടിവച്ചതിനെത്തുടര്‍ന്ന് ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം വീണ്ടും കേസ് പരിഗണിച്ച കോടതി ജയില്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ പെണ്‍കുട്ടിയുടെ കാലു പിടിച്ചു ക്ഷമ ചോദിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പെണ്‍കുട്ടി ക്ഷമ നല്‍കി ഒത്തുതീര്‍പ്പിനു തയാറായാല്‍ ശിക്ഷാ കാലാവധി ഒരു വര്‍ഷമാക്കി ഇളവ് ചെയ്യാമെന്നും ബെഞ്ച് വ്യക്തമാക്കി. ഒക്ടോബര്‍ ആറുവരെ ഇക്കാര്യത്തിന് കോടതി സമയം നല്‍കിയിരിക്കുകയാണ്.