കൂടുതൽ കരുത്തോടെ ഫിയറ്റ് പുന്തൊ അബാർത്ത്  

single-img
8 September 2015

abarth-fiat-punto-evo_100355663_mവാഹനപ്രേമികളെ വശീകരിക്കാൻ കൂടുതൽ കരുത്തനായി പുന്തൊ എത്തുന്നു. ഫിയറ്റിന്റെ തന്നെ പെർഫോർമൻസ് ബ്രാൻഡായ അബാർത്ത് അകമ്പടിയോടാവും കരുത്തനായ പുന്തൊ എത്തുക. അബാർത്ത് ശ്രേണിയിൽ പുന്തൊ ഈവൊയെ ആവും ഫിയറ്റ് ആദ്യം അവതിരിപ്പിക്കുക. പിന്നീട് ക്രോസ്സൊവറായ അവെന്റുറയുടെയും അബാർത്ത് പതിപ്പ് വിപണിയിൽ എത്തിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്. ഈ വർഷം ഒക്ടോബറോടെ ഫിയറ്റ് പുന്തൊ അബാർത്ത് ഇന്ത്യയിൽ പ്രതീക്ഷിക്കാം. വില സംബന്ധിച്ച വിവരം കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും പത്ത് ലക്ഷത്തിൽ താഴെയാവും എന്നാണ് സൂചന.

ഫിയറ്റിന്റെ 1.4 ലിറ്റർ റ്റി-ജെറ്റ് ടർബോചാർജ്ജ് എൻജിൻ ഘടിപിച്ച അബാർത്ത് പുന്തൊ 145 ബി.എച്.പി. കരുത്താണ് പുറപ്പെടുവിക്കുന്നത്. രാജ്യത്ത് ഇപ്പോൾ നിലവിലുള്ള പെർഫോർമൻസ് ഹാച്ചായ ഫോക്സ് വാഗൺ പോളൊ ജി.റ്റി. റ്റി.എസ്.ഐ. യുമായാവും പുന്തൊ നേരിട്ട് പോരിന് ഇറങ്ങുക. 105 ബി.എച്.പിയാണ് പോളൊ ജി.റ്റി.യുടെ കരുത്ത്, അതായത് പുന്തൊ അബാർത്തിനേക്കാളും 40 ബി.എച്.പി. കുറവ്.

നിലവിലെ പുന്തൊയെക്കാൾ അകത്തും പുറത്തുമായി ഒട്ടേറെ മാറ്റങ്ങളുമായാണ് അബാർത്ത് വരുന്നത്. ഫിയറ്റിന്റെ ലോഗോയ്ക്ക് പകരം അബാർത്ത് ലോഗൊ ആവും ഉപയോഗിക്കുക. ഡുവൽ ടോണിലുള്ള പുതിയ പതിനാറിഞ്ച് അലോയ് വീലുകൾ, വശങ്ങളിലെ അബാർത്ത് മുദ്രകൾ, വ്യത്യസ്തമായ റേഡിയേറ്റർ ഗ്രില്ല് എന്നിവയാണ് പുറത്തെ മാറ്റങ്ങൾ.

ഉൾവശത്തും അബാർത്തിന്റേതായ നിരവധി ഘടകങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചുവപ്പ്, മഞ്ഞ നിറങ്ങളിലെ സ്റ്റിച്ചുകളുള്ള പുത്തൻ സീറ്റുകൾ, അബാർത്ത് മുദ്ര പതിപിച്ച സ്റ്റീയറിങ് വീൽ എന്നിവയാണ് ഇതിൽ പ്രധാനം.

കൂടുതൽ കരുത്തേകിയതിന് ഒപ്പം ഹാൻഡ്ലിങ് വർദ്ധിപ്പിക്കുന്നതിനായി പുന്തൊ അബാർത്തിൽ സസ്പെൻഷനുകളും ബ്രേക്കുകളുമെല്ലാം മെച്ചപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വാഹനത്തിന് മികച്ച ദൃഡത ലഭിക്കുന്നതിനായി റൈഡ് ഹൈറ്റ് 20എം.എം ആയി കുറക്കുകയും ചെയ്തിരിക്കുന്നു.