അബ്ദുല്‍ ഹക്കീം കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

single-img
8 September 2015

kerala-high-courtകൊച്ചി: പയ്യന്നൂര്‍ കൊറ്റി ജുമാ മസ്ജിദിലെ ജീവനക്കാരന്‍ അബ്ദുല്‍ ഹക്കീം കൊല്ലപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി ഹക്കീമിന്‍റെ ഭാര്യയും സമരസമതിയും സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ മുമ്പ് കേസന്വേഷണം സി.ബി.ഐ.ക്ക് വിട്ടിരുന്നുവെങ്കിലും അന്വേഷണം ഏറ്റെടുക്കാനാവില്ലെന്നായിരുന്നു സി.ബി.ഐ നിലപാട്.  എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും സി.ബി.ഐ തന്നെ കേസ് അന്വേഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.

കൊറ്റി ജുമാ മസ്ജിദിലെ ജീവനക്കാരനായ തെക്കെ മമ്പലത്ത് ഹക്കീമിനെ 2014 ഫിബ്രവരി 10നാണ് പള്ളിവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.  ലോക്കല്‍ പൊലീസിന്‍െറ അന്വേഷണത്തില്‍ പുരോഗതിയൊന്നും ഉണ്ടാകത്തതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ പോലും പിടിയിലായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കേസ് സി.ബി.ഐക്ക് വിട്ടെങ്കിലും സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കാത്തതിനാല്‍ ക്രൈംബ്രാഞ്ച് തന്നെയായിരുന്നു അന്വേഷണം നടത്തിയിരുന്നത്.