മോദി പറഞ്ഞാല്‍ മാത്രം പോര പ്രവര്‍ത്തിക്കണം; മേക്ക് ഇന്‍ ഇന്ത്യ പാഴ്‌വാക്കായി-സോണിയ ഗാന്ധി

single-img
8 September 2015

soniaന്യൂഡല്‍ഹി: മോദി പറഞ്ഞാല്‍ മാത്രം പോര പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗത്തിലാണ് മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ കടുത്തഭാഷയില്‍ വിമര്‍ശിച്ച്  സോണിയ ഗാന്ധി രംഗത്ത് വന്നത്. മാധ്യമങ്ങളിലൂടെ വെറും വാഗ്ദാനങ്ങള്‍ മാത്രമാണ് നടക്കുന്നത്. യാതൊരു വികസനവും നടക്കുന്നില്ല. നയങ്ങളേ ഇല്ല. തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞില്ല. മേക്ക് ഇന്‍ ഇന്ത്യ പാഴ്‌വാക്കായി. മോദി പ്രവര്‍ത്തിച്ച് കാണിക്കണമെന്നും സോണിയ പറഞ്ഞു.

ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമത്തില്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. അതിന് തുടക്കം കുറിച്ചുകൊണ്ട് സപ്തംബര്‍ 20 ന് ഡല്‍ഹിയില്‍ കര്‍ഷക റാലി സംഘടിപ്പിക്കാനും തീരുമാനിച്ചു. പാര്‍ട്ടിയില്‍ രണ്ടു രീതിയിലുള്ള അംഗത്വസമ്പ്രദായം പുനഃസ്ഥാപിക്കാന്‍ പ്രവര്‍ത്തകസമിതി ശുപാര്‍ശചെയ്യും. പ്രാഥമിക അംഗത്വം, സജീവഅംഗത്വം എന്ന സമ്പ്രദായമായിരിക്കും പുനഃസ്ഥാപിക്കുക.

അതേസമയം പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച തീരുമാനം യോഗത്തില്‍ ഉണ്ടാവില്ല. പാര്‍ട്ടിഭരണഘടനയില്‍ വരുത്തേണ്ട മാറ്റങ്ങള്‍, അംഗത്വവിതരണം, ബിഹാര്‍ തിരഞ്ഞെടുപ്പ്, പൊതു രാഷ്ട്രീയസ്ഥിതി, കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട പ്രക്ഷോഭപരിപാടികള്‍ എന്നിവയും യോഗം ചര്‍ച്ചചെയ്യും. കൂടാതെ അംഗത്വം സംബന്ധിച്ച ഭേദഗതിക്ക് പ്രവര്‍ത്തക സമിതി ശുപാര്‍ശചെയ്യും.