തമിഴ്‌നാട്‌ സര്‍ക്കാരിന്റെ കണികാ പരീക്ഷണശാലയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു; കേരളത്തിന് മൗനം

single-img
8 September 2015

newtrinoകട്ടപ്പന: തമിഴ്‌നാട്‌ സര്‍ക്കാര്‍ പെട്ടിപ്പുറത്ത്‌ നിര്‍മിക്കുന്ന കണികാ പരീക്ഷണശാലയുടെ നിര്‍മ്മാണം പുരോഗമിക്കുമ്പോഴും  കേരളത്തിന് മൗനം. കേരളത്തിന്റെ അതിര്‍ത്തി പരിധിക്കിപ്പുറം വരെ നീളുന്ന പരീക്ഷണശാലയെക്കുറിച്ച്‌ തമിഴ്‌നാട്‌ ഇതുവരെ കേരള സര്‍ക്കാരിന്‌ യാതൊരു വിവരവും നല്‍കിയിട്ടില്ല. കൂടാതെ ഇതു സംബന്ധിച്ച്‌ കേരളം യാതൊരു വിവരവും ആരാഞ്ഞിട്ടില്ല. പരീക്ഷണശാല യാഥാര്‍ഥ്യമാകുമ്പോള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക്‌ ഇടയാക്കുമെന്നാണ്‌ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്‌.

പെട്ടിപ്പുറത്ത്‌ നിന്നു കേരളത്തിന്റെ ഭാഗമായ മതികെട്ടാന്‍ മലയുടെ അടിവാരം വരെ നീളുന്ന രണ്ടു കിലോമീറ്റര്‍ ദൂരം വരുന്ന ഭൂഗര്‍ഭ തുരങ്കത്തിലാണ്‌ പരീക്ഷണശാല സ്‌ഥാപിക്കുന്നത്‌. പശ്‌ചിമഘട്ട മലനിരകളുടെ ഭാഗവും ജൈവവൈവിധ്യങ്ങളുടെ കലവറയുമാണ് ഈ പ്രദേശം. കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയുടെ ഭാഗമായ ബോഡിമെട്ടിലെ ഉയരം കൂടിയ പാറകളില്‍ ഒന്നിലാണ്‌ പരീക്ഷണശാലയ്‌ക്ക്‌ സ്‌ഥലം കണ്ടെത്തിയത്‌. ലോകത്തിലെ ഏറ്റവും ശക്‌തിയേറിയ ഈ പരീക്ഷണശാലയ്‌ക്ക്‌ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയവും പച്ചക്കൊടി കാട്ടുകയും കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിനു രൂപയുടെ ഫണ്ട്‌ അനുവദിക്കുകയും ചെയ്‌തു.

ഇപ്പോള്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌. ഉയരമേറിയ ഇവിടെ നിന്നു മലയുടെ അടിവാരത്തില്‍ ആയിരം മീറ്റര്‍ ആഴത്തിലാണ്‌ പാറ തുരന്ന്‌ പരീക്ഷണശാല സ്‌ഥാപിക്കുന്നത്‌.  പരീക്ഷണശാല ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക്‌ ഇടയാക്കുമെന്ന്‌ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ശാസ്‌ത്രലോകത്ത്‌ വിസ്‌മയം സൃഷ്‌ടിക്കുമെന്നാണ്‌ ഈ രംഗത്തെ ശാസ്‌ത്രജ്‌ഞര്‍ ചൂണ്ടിക്കാട്ടുന്നത്‌.