മുംബൈയില്‍ നാലു ദിവസത്തേക്ക് ഇറച്ചിക്കും മീനിനും നിരോധനം

single-img
8 September 2015

Fish-Market-Beypore-5മുംബൈ: മുംബൈയില്‍ ജൈന മതക്കാരുടെ ഉത്സവം പ്രമാണിച്ച് നാലു ദിവസത്തേക്ക് ഇറച്ചിയും മീനും നിരോധിക്കാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. സപ്തംബര്‍ 10,13,17,18 ദിവസങ്ങളില്‍ കടകള്‍ തുറക്കുന്നതിനും മൃഗങ്ങളെ കൊല്ലുന്നതിനുമാണ് നിരോധനം. ജൈന സമൂഹം ഉപവാസ ഉത്സവമായ പര്‍യുഷാന്‍ ആചരിക്കുന്ന ദിവസങ്ങളില്‍ ഇറച്ചിക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

മുതിര്‍ന്ന ബി.ജെ.പി സാമാജികരായ രാജ് പുരോഹിതും അതുല്‍ ഭട്ടഖാല്‍ക്കറും നിരേധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ ശിവസേന അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തി. കോര്‍പ്പറേഷനോ ഏതെങ്കിലും സമുദായമോ അല്ല മറ്റുള്ളവര്‍ എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് എന്ന് ശിവസേന വ്യക്തമാക്കി. ഒരു പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാനാണ് ബി.ജെ.പി നിരോധനം ഏര്‍പ്പെടുത്തുന്നത് എന്ന് എം.എന്‍.എസും ആരോപിച്ചു.

ബി.ജെ.പി ഭരിക്കുന്ന താനെയിലെ മീര-ഭയാന്ദര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും ജൈന ഉത്സവം നടക്കുന്ന എട്ട് ദിവസങ്ങളിലും ഇറച്ചി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതേ ഉത്സവ സമയത്ത് രണ്ടു ദിവസത്തേക്ക് ഇവിടെ ഇറച്ചി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

 

അതേസമയം നടപടിയ്ക്കെതിരെ കോൺഗ്രസ് രംഗത്ത് വന്നു.നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ബിജെപിയുടെ സമ്മർദ്ദ ഫലമായാണു മുൻസിപ്പൽ കോർപ്പറെഷൻ ജനാധിപത്യ വിരുദ്ധ നടപടി സ്വീകരിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു.ജാതി മത സംഘടനകളുടെ ആചാരങ്ങൾക്ക് അനുസരിച്ചല്ല ഭരണഘടനയ്ക്ക് അനുസരിച്ചാണു സർക്കാർ പ്രവർത്തിക്കേണ്ടതെന്ന് മുംബൈ കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് പറഞ്ഞു