38 വര്‍ഷങ്ങള്‍ക്കു ശേഷം പെലെ ഇന്ത്യയിലേക്ക്

single-img
8 September 2015

peleന്യൂഡല്‍ഹി: 38 വര്‍ഷങ്ങള്‍ക്കുശേഷം ഫുട്ബാള്‍ രാജാവ് പെലെ ഇന്ത്യ സന്ദര്‍ശിക്കുന്നു. ഒക്ടോബറില്‍ നടക്കുന്ന  സുബ്രതോ കപ്പിന്‍െറ ഫൈനലിലെ മുഖ്യ അതിഥിയായിട്ടാണ് അദ്ദേഹം ഇന്ത്യയില്‍ എത്തുന്നത്. 1977ല്‍ മോഹന്‍ ബഗാനും ന്യൂയോര്‍ക് കോസ്മോസും തമ്മില്‍ നടന്ന പ്രദര്‍ശന മത്സരത്തിനായാണ് ഇതിനുമുമ്പ് അദ്ദേഹം ഇന്ത്യയിലത്തെിയത്.

ഇന്ത്യയിലേക്ക് വീണ്ടും വരുന്നവിവരം വിഡിയോ സന്ദേശത്തിലൂടെ 74 കാരനായ പെലെ സ്ഥിരീകരിക്കുകയായിരുന്നു. നാളത്തെ ചാമ്പ്യന്മാരാകാനിരിക്കുന്ന യുവതാരങ്ങള്‍ക്ക് തന്‍െറ സന്ദര്‍ശനം പ്രചോദനമാകുമെന്ന് കരുതുന്നതായി പെലെ പറഞ്ഞു.

ഇന്ത്യയെ സ്പെഷല്‍ രാജ്യമെന്ന് വിശേഷിപ്പിച്ച പെലെ, വര്‍ഷങ്ങള്‍ക്കുമുമ്പ് വന്നപ്പോള്‍ മികച്ച ഓര്‍മകളാണ് സ്വന്തമായതെന്നും ഈ യാത്ര  ബഹുമതിയാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ആരാധകരെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.