വിസ കാലാവധി തീര്‍ന്നാലും ഇന്ത്യയില്‍ എത്തിയ ന്യൂനപക്ഷ അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് തുടരാന്‍ അനുമതി

single-img
8 September 2015

abhyarthiന്യൂഡല്‍ഹി: പാകിസ്താനിലും ബംഗ്ലദേശിലും നിന്നും 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയില്‍ എത്തിയ ന്യൂനപക്ഷ അഭയാര്‍ഥികള്‍ക്ക് വിസ കാലാവധി തീര്‍ന്നാലും വ്യക്തമായ രേഖകളില്ലെങ്കിലും രാജ്യത്ത് തുടരാന്‍ അനുമതി.  പാസ്‌പോര്‍ട്ട് ആക്ട് 1920, ഫോറിനേഴ്‌സ് ആക്ട് 1946 എന്നീ വകുപ്പുകളനുസരിച്ചാണ് ഇളവ്. പാകിസ്താനിലും  ബംഗ്ലാദേശിലും നിന്നുമുള്ള ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജയിന്‍, പാഴ്‌സി, ബുദ്ധ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ മതപരമായ പ്രശ്‌നങ്ങള്‍ മൂലമാണ് ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി എത്തിയത്. അതുകൊണ്ട് മാനുഷിക പരിഗണനവച്ചാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഈ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളുടെ കൃത്യമായ കണക്ക് സര്‍ക്കാരിനില്ലെങ്കിലും ഏകദേശം രണ്ട് ലക്ഷത്തോളം പാക്, അഫ്ഗാന്‍, ബംഗ്ലാദേശ് അഭയാര്‍ഥികള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കരുതുന്നത്. ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രധാനമായും അസം, പശ്ചിമബംഗാള്‍ അതിര്‍ത്തിയിലൂടെ എത്തുന്ന ബംഗ്ലാദേശ് അഭയാര്‍ഥികള്‍ക്കായിട്ടാണ് ഇത്. ഈ രണ്ടുസംസ്ഥാനങ്ങളിലും അടുത്തവര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് വരികയാണ്. ഇത്തരമൊരു നിയമഭേദഗതി ബിജെപിക്ക് സഹായകരമാകുമെന്നാണ് കണക്കുകൂട്ടല്‍.