തെരുവ് നായ ക്രൂരമായി കടച്ചുകുടഞ്ഞ മൂന്ന് വയസ്സുകാരന് അടിയന്തിര ശസ്ത്രക്രിയ

single-img
7 September 2015

Devanand

കഴിഞ്ഞ ദിവസം തെരുവ് നായ ക്രൂരമായി കടച്ചുകുടഞ്ഞ മൂന്ന് വയസ്സുകാരന്‍ ദേവാനന്ദിനെ ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കും.പട്ടിയുടെ കടിയേറ്റു ഗുരുതരാവസ്ഥയില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോതമംഗലം അമ്പോലി തൃക്കാരുകുടിയില്‍ രവി-അമ്പിളി ദമ്പതികളുടെ മകന്‍ അമ്പാടി എന്നുവിളിക്കുന്ന ദേവാനന്ദിന്റെ കണ്ണിനും മുഖത്തുമുള്ള പരിക്കു ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടു കണ്ണുകളുടേയും കണ്‍പോളകള്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ഇടതു കണ്ണിന്റെ ഞരമ്പിന് ക്ഷതമേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ദേവാനന്ദിന് ശസ്ത്രക്രിയ നടത്തിയ ശേഷം പ്ലാസ്റ്റിക് സര്‍ജറി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് വീടിനു മുന്‍ഭാഗത്തു വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന ദേവാനന്ദിന് നേരെ തെരുവു നായ ആക്രമണം നടത്തുകയായിരുന്നു. നായ വരാന്തയില്‍നിന്നു കുട്ടിയെ കടിച്ചു വലിച്ചു മുറ്റത്തേയ്ക്കിട്ടു തുടരെ കടിക്കുകയായിരുന്നു.

നായയുടെ കടിയേറ്റ ദേവാനന്ദിന്റെ നിലവിളി കേട്ട് അമ്മ അമ്പിളിയും മുത്തശി കാര്‍ത്ത്യായനിയും ഓടിയെത്തിയപ്പോഴേക്കും കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റു. ഭയന്നുപോയ വീട്ടുകാര്‍ ബഹളം കൂട്ടി ഒരുവിധത്തില്‍ നായയെ തുരത്തിയപ്പോഴേക്കും നാട്ടുകാരുമെത്തി. അവര്‍ കുട്ടിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലും എത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു.