ക്രിസ്ത്യന്‍ ഇടവകകളോട് സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളില്‍ ഓരോ കുടുംബത്തെ വീതം ദത്തെടുക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം

single-img
7 September 2015

Marpappa

മുസ്ലീം സഹോദരങ്ങള്‍ക്ക് കാരുണ്യ ഹസ്തം നീട്ടി ലോക ക്രൈസ്തവ സമൂഹം. അഭയാര്‍ത്ഥികളായി യൂറോപ്പിലേക്കെത്തുന്നവരില്‍ ഓരോ കുടുംബത്തെ വീതം ദത്തെടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം. അഭയാര്‍ഥി പ്രളയത്തില്‍ യൂറോപ്പ് മുങ്ങുമ്പോള്‍ വത്തിക്കാനില്‍ നിന്നു തന്നെ ഇതിന് തുടക്കമിടുമെന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയ ഇറ്റാലിയന്‍ ദമ്പതികളുടെ കൊച്ചുമകനായ മാര്‍പാപ്പ അറിയിച്ചു.

വത്തിക്കാനിലെ രണ്ട് ഇടവകകള്‍ ഉടന്‍ തന്നെ രണ്ട് അഭയാര്‍ഥി കുടുംബങ്ങളെ ദത്തെടുക്കുമെന്ന് സെന്റ്. പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ പ്രംസംഗ മധ്യേ അദ്ദേഹം വെളിപ്പെടുത്തി. യൂറോപ്പിലെ ക്രൈസ്തവ ഇടവകകളോടും മതകൂട്ടായ്മകളോടും ആശ്രമങ്ങളോടും ഒരോ അഭയര്‍ഥി കുടുംബങ്ങളെ ദത്തെടുത്ത് അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

ഇതിന് പുറമെ, ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ഥി പുനരധിവാസ പരിപാടികള്‍ക്കായി 60 മില്യണ്‍ യൂറോ സംഭാവന നല്‍കുമെന്നും വത്തിക്കാന്‍ അറിയിച്ചു. വന്‍ കയ്യടിയോടെയാണ് മാര്‍പ്പാപ്പയുടെ വാക്കുകളെ സെന്റ്. പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചു കൂടിയ വിശ്വാസികള്‍ സ്വീകരിച്ചത്. ഇറ്റലിയില്‍ മാത്രം 25,000ല്‍ അധികം ക്രിസ്ത്യന്‍ ഇടവകകളാണുള്ളത്. ആഭ്യന്തര കലാപത്താല്‍ വലയുന്ന സിറിയയില്‍നിന്ന് കുടിയേറ്റക്കാരെത്തുന്ന ജര്‍മനിയില്‍ 12,000ല്‍ അധികം ഇടവകകളുണ്ട്.

യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രശ്‌നം രൂക്ഷമായതോടെ കുടിയേറ്റക്കാര്‍ക്കായി അതിര്‍ത്തി തുറന്നിട്ട് ജര്‍മനിയും ഓസ്ട്രിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ അഭയത്തിന്റെ മാനദണ്ഡങ്ങള്‍ക്കു കീഴില്‍വരുന്ന എല്ലാവരെയും പുനരധിവസിപ്പിക്കാന്‍ തയാറാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും പ്രഖ്യാപിച്ചിരുന്നു.