വൃക്ഷലോകത്തെ വിസ്മയങ്ങളിലൊന്നായി ആല്‍മരമുത്തശ്ശി

single-img
7 September 2015

Baniyan Tree

വൃക്ഷങ്ങളുടെ രാജ്ഞി, അമ്മ എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ഹൗറയിലുള്ള ‘ദ ഗ്രേറ്റ് ബനിയന്‍ ട്രീ’ എന്ന പേരിലറിയപ്പെടുന്ന ആല്‍മരത്തിന്്. ലോകത്തിലെ ഏറ്റവും വ്യാപ്തിയേറിയ ചില്ലകളുള്ള മരം എന്ന ഖ്യാതിക്ക് ഗിന്നസ്സ് ബുക്കില്‍ ഒന്നാമതായി ഇടം പിടിച്ച സുന്ദരമരത്തിന്റെ ഖ്യാതി ലോകപ്രശസ്തമാണ്. കൊല്‍കത്തയില്‍ ഹൗറാനഗരിയിലെ ഷിബ്പൂര്‍ ഗ്രാമത്തിലുള്ള ആചാര്യ ജഗദീഷ് ചന്ദ്രബോസ് സസ്യോദ്യാനമെന്ന ഇന്ത്യന്‍ സസ്യോദ്യാനത്തില്‍ പ്രൗഡിയോടെ നിലകൊള്ളുകയാണ് ഈ ആല്‍മരം.

ഏതാണ്ട് 15,665 ചതുരശ്ര മീറ്ററില്‍ അതായത് 1.5 കിലോമീറ്റര്‍ വീതിയില്‍ പടര്‍ന്നു പന്തലിച്ചുനില്‍കുകയാണ് ഇതിന്റെ മേല്‍ചില്ലകള്‍. ആല്‍മരത്തെ ദൂരെനിന്നും നോക്കിയാല്‍ ഇതൊരു കാടാണെന്നെ തോന്നുകയുള്ളൂ. ആല്‍മരമത്തിന്റെ പ്രായം ഏകദേശം 300 വയസ്സോളം വരുമെന്നാണ് വിദഗ്ദര്‍ കണക്കാക്കിയിരിക്കുന്നത്.

ഉണങ്ങിക്കരിഞ്ഞ ഒരു പനമരത്തില്‍ നിന്നും വളര്‍ന്ന മഹാ ആല്‍മരം ഇപ്പോള്‍ പൂര്‍ണ്ണ കായബലത്തോടെ തഴച്ചുവളരുകയാണ്. 1884ലും 1886ലുമുണ്ടായ രണ്ട് വലിയ ചുഴലികാറ്റുകളില്‍ ഇതിന്റെ താഴ്ത്തടിക്ക് ക്ഷതം പറ്റുകയും പിന്നീട് പൂര്‍ണ്ണമായി നശിക്കുകയും ചെയ്തിരുന്നു. പിന്നീട് അത് വീണ്ടും കിളിര്‍ത്തുവരികയായിരുന്നു. ഇപ്പോള്‍ മഹാ ആല്‍മരത്തിന്റെ ശിഖരങ്ങളുടെ മൊത്തചുറ്റളവ് 450 മീറ്ററാണ്. ഇതില്‍ ഏറ്റവും വലിപ്പമുള്ള ശിഖരം 24.5 മീറ്റര്‍വരെ ഉയരത്തിലുമാണ് നില്‍ക്കുന്നത്. മുമ്പ് 330 മീറ്റര്‍ നീളമുള്ള ഒരു റോഡ് ഇതിന് ചുറ്റും നിര്‍മ്മിച്ചുവെങ്കിലും ഇന്ന് ആ റോഡിനേയും മറികടന്ന് ആല്‍മരം പടര്‍ന്ന് പന്തലിച്ചിരിക്കുന്നു.

1786ലാണ് ഈ മഹാ ആല്‍മരം ജനശ്രദ്ധയാകര്‍ഷികഎ്കുന്നത്. അന്നുമുതല്‍ ഇന്നുവരെ ആയിരക്കണക്കിന് ജനങ്ങളാണ് മഹാത്ഭുതത്തെ കാണാനായി എത്തുന്നത്. ഇന്ത്യയിലേന്നല്ല ലോകത്തെതന്നെ ഏറ്റവും പുരാധനവും പൈതൃകവുമായ പ്രപഞ്ചാവശേഷിപ്പുകളില്‍ ഒന്നാണ് ഈ ആല്‍മരം. ലോകപ്രശസ്തരായ പല ചിത്രകാരന്മാരുടെയും ചായങ്ങളില്‍ സുന്ദരമായി പതിഞ്ഞിട്ടുള്ള ഭീമന്‍ ആല്‍മരത്തെ കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട് വിനോദസഞ്ചാരാടിസ്ഥാനത്തില്‍ ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.

അതിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് കൂടുതല്‍ ആകര്‍ഷണീയമായ രീതിയില്‍ ആല്‍മരത്തിന്റെ പരിസരം ഒരുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. കോല്‍ക്കത്തയിലെത്തുന്നവര്‍ തീര്‍ച്ചയായും ഒരു തണയെങ്കിലും മഹാത്ഭുതമായ ഈ ‘ഗ്രേറ്റ് ബനിയന്‍ ട്രീ’ കണ്ടില്ലെങ്കില്‍ നഷ്ടം തന്നെയാണ്.