തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബറില്‍

single-img
7 September 2015

 

kerala-electionതിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബറില്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിയതി പിന്നീട് പ്രഖ്യാപിക്കും. കഴിയുന്നതും നവംബര്‍ ആദ്യം തന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഒറ്റ ഘട്ടമായിട്ട് വോട്ടെടുപ്പ് രണ്ട് ദിവസങ്ങളിലായിരിക്കും നടക്കുകയെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

28 നഗര സഭകളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും പുനര്‍ക്രമീകരിച്ച കൊല്ലം കോര്‍പ്പറേഷനിലും തിരഞ്ഞെടുപ്പ് നടത്തും. പുതുതായി രൂപവത്കരിച്ച മുനിസിപ്പാലിറ്റികളുടേയും കോര്‍പ്പറേഷന്റേയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താന്‍ ബുദ്ധിമുട്ടായതിനാലാണ് നവംബറിലേക്ക് നീട്ടിയത്. ഒക്ടോബര്‍ 31 നാണ് നിലവിലുള്ള ഭരണസമിതികളുടെ കാലാവധി തീരുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച സര്‍വകക്ഷി യോഗം വിളിച്ചെങ്കിലും തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്നത് സംബന്ധിച്ച് സമവായത്തിലെത്താനായിരുന്നില്ല. തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ഇടപെടണമെന്ന സര്‍ക്കാര്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി ഇതു സംബന്ധിച്ച തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വ കക്ഷിയോഗം വിളിച്ചത്. യോഗത്തില്‍ തിരഞ്ഞെടുപ്പ് അടുത്തമാസം തന്നെ നടത്തണമെന്നാണ് എല്‍.ഡി.എഫും ബി.ജെ.പിയും ആവശ്യപ്പെട്ടത്. എന്നാല്‍ നവംബറില്‍ നടത്താമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം.

ഭരണഘടനാ ബാധ്യതയനുസരിച്ച് ഒക്ടോബറില്‍ത്തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടാണ് ആദ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ എടുത്തത്. എന്നാല്‍, പുതിയ 28 നഗരസഭകളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും തിരഞ്ഞെടുപ്പ് നടത്തണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തിന് കമ്മിഷന്‍ വഴങ്ങുകയായിരുന്നു. ഈ ധാരണയനുസരിച്ചാണ് തിരഞ്ഞെടുപ്പ് ഒരു മാസം നീട്ടാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്. ഇതിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.