നിറപറയുടെ കറിപ്പൊടികള്‍ വിപണിയിൽ നിന്നും പിൻവലിക്കാന്‍ സെപ്തംബർ ഒൻപതു വരെ സമയം അനുവദിച്ചു

single-img
7 September 2015

Nirapara_Sambarതിരുവനന്തപുരം: വ്യാപകമായി മായം കലർത്തി എന്ന് തെളിഞ്ഞതിനെ തുടർന്ന്  നിരോധിച്ച  നിറപറയുടെ മല്ലിപ്പൊടി, മുളക്പൊടി, മഞ്ഞൾപൊടി എന്നിവ വിപണിയിൽ നിന്നും പിൻവലിക്കുന്നതിന് സെപ്തംബർ ഒൻപതു വരെ സമയം അനുവദിച്ചു. അതിനു  ശേഷവും അവ വിപണിയിൽ കണ്ടാൽ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ശേഖരിച്ച 34 സാമ്പിളുകളിലും മായം കണ്ടെത്തിയതിനെ തുടർന്നാണ്  നിറപറയുടെ മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞൾപൊടി എന്നിവ  നിരോധിച്ചത്.

പരിശോധനയിൽ ഇവയിലെല്ലാം  15% മുതൽ 70% വരെ  അന്നജത്തിന്റെ സാനിദ്ധ്യം കണ്ടെത്തിയിരുന്നു. ഇവയിൽ ആരോഗ്യത്തിന് ഹാനികരമായ കൂടുതൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടോ എന്നിവ ഉൾപ്പെടെ അറിയുന്നതിനായി കൂടുതൽ പരിശോധനയക്ക് അയച്ചിരിക്കുകയാണ്. നിറപറയുടെ കറിപ്പൊടികളിൽ മായം കലർന്നതായി വാർത്തകൾ വന്നതോടെ മിക്ക കടകളിലും അവയുടെ വിൽപ്പന നിറുത്തി വച്ചിരിക്കുകയാണ്.

34 കേസുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നിറപറയ്ക്കെതിരെ കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. ഇതില് ആറ് തവണ കോടതി നിറപറയെ ശിക്ഷിച്ചു. മൂന്നു തവണ അഞ്ച് ലക്ഷം രൂപ വീതവും, മൂന്ന് തവണ 25,000 രൂപ വീതവും പിഴയാണ് നിറപറ അടച്ചിട്ടുള്ളത്