മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; കേരളത്തിന്റെ പരിസ്ഥിതി ആഘാത പഠനത്തിനുള്ള അനുമതി റദ്ദാക്കി

single-img
7 September 2015

Mullaperiyar-Dam1[1]ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനത്തിനുള്ള അനുമതി കേന്ദ്ര വനം – വന്യ ജീവി ബോർഡ് റദ്ദാക്കി. സുപ്രീം കോടതിയില്‍ കേസുള്ള കാര്യും മറച്ചുവച്ചാണ് കേരളം വനം – വന്യ ജീവി ബോർഡിന്റെ അനുമതി നേടിയെടുത്തത്. അപേക്ഷയില്‍ കേസിന്റെ കാര്യം മറച്ചുവെച്ചതിന് കേരളത്തെ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

പാരിസ്ഥിതികാഘാത പഠനം നടത്താന്‍ കഴിഞ്ഞ ഡിസംബറിലാണ് ദേശീയ വന്യജീവി ബോര്‍ഡിന്റെ സമിതി കേരളത്തിന് അനുവാദം നല്‍കിയത്. ഡിസംബര്‍ മൂന്നിന് വന്യജീവിബോര്‍ഡിന്റെ ഉത്തരവു വന്നപ്പോള്‍ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുമയച്ചിരുന്നു. ഇതിനു പുറമെ, പാരിസ്ഥിതിക പഠനത്തിന് അനുമതി നല്‍കിയതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.

പരിസ്ഥിതി പഠനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിൽ അപേക്ഷ നേരത്തെ നൽകിയിരുന്നു. സുപ്രീം കോടതിയിൽ കേസുള്ളതിനാൽ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് മന്ത്രാലയം തീരുമാനമെടുത്തു. എന്നാല്‍ വന്യജീവി ബോര്‍ഡിന്റെ അനുമതി ഉള്ളതിനാല്‍ പാരിസ്ഥികാനുമതി നല്‍കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ വനം – വന്യ ജീവി വകുപ്പും അനുമതി റദ്ദാക്കിയതിനാൽ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമാണത്തിനായി തുടർ പഠനങ്ങൾ നടത്തുന്നതിനുള്ള അനുമതി കേരളത്തിന് ഇതോടെ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇനി ഇക്കാര്യത്തിൽ സുപ്രീംകോടതി എന്തു നിലപാടെടുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്നുള്ള കേരളത്തിന്റെ ആവശ്യം.