ലളിത് മോദിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റില്‍ നിന്ന് വിശദീകരണം തേടി

single-img
7 September 2015

Lalit-modiന്യൂഡല്‍ഹി: ലളിത് മോദിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റില്‍ നിന്ന് വിശദീകരണം തേടി. മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കാന്‍ മതിയായ തെളിവുകളുണ്ടോ, കേസ് അന്വേഷണം വൈകാനുള്ള കാരണം എന്നിവ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ മാസം ആഗസ്റ്റ് 20ന് ഇന്റര്‍പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് നോട്ടീസ് നല്‍കിയത്. ഐ.പി.എല്‍ കേസില്‍ പ്രതികളായ മറ്റുള്ളവര്‍ക്കെതിരായ വിശദാംശങ്ങളും ഇന്റര്‍പോള്‍ തേടിയിട്ടുണ്ട്.

ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയെങ്കില്‍ മാത്രമേ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റം ചുമത്തപ്പെട്ട മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യയില്‍ എത്തിക്കാനാവൂ. അഞ്ച് വര്‍ഷം മുന്‍പ് ഇന്ത്യയില്‍ നിന്ന് മുങ്ങിയ മോദി ഇപ്പോള്‍ യൂറോപ്പ്യന്‍ ദ്വീപായ മാള്‍ട്ടയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് സൂചന.

അതിനിടെ അറസ്റ്റിന് മുന്‍പ് കേസില്‍ ഒരു ഹിയറിങ്ങിന് ഹാജരാകാന്‍ മോദിക്ക് അവസരം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. ഇതു സംബന്ധിച്ച് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോദിയുടെ നിയമകാര്യങ്ങള്‍ നോക്കുന്ന ലിന്‍ഡെബോര്‍ഗും ഇന്റര്‍പോള്‍ സെക്രട്ടേറിയറ്റും ഇ-മെയില്‍ വഴി ആശയവിനിമയം നടത്തിയ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തനിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് മോദി ഇന്റര്‍പോളിനെ മെയില്‍ വഴി അറിയിച്ചത്.

ലളിത് മോദിക്കെതിരെ പതിനാറ് കേസുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ പതിനഞ്ചെണ്ണം വിദേശ നാണയ വിനിമയ ആക്ടായ ഫെമ അനുസരിച്ചും ഒരെണ്ണം പണം തിരിമറി കേസുമായി ബന്ധപ്പെട്ടുമാണ് രജിസ്റ്റര്‍ ചെയ്തത്.