ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍;സ്വയം വിരമിച്ചവരേയും ഉള്‍പ്പെടുത്തും വരെ സമരം തുടരും

single-img
6 September 2015

oropഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും സ്വയം വിരമിച്ചവരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും വരെ സമരം തുടരുമെന്ന് വിമുക്ത ഭടന്മാര്‍. തത്കാലം നിരാഹാര സമരം പിന്‍വലിച്ച് റിലേ സത്യാഗ്രഹവുമായി മുന്നോട്ട് പോകാനാണ് സമരക്കാരുടെ തീരുമാനം. ഒരേ പദവിക്ക് ഒരേ പെന്‍ഷന്‍ എന്ന ആവശ്യം 40 വര്‍ഷമായി വിരമിച്ച സൈനികര്‍ ഉന്നയിക്കുന്ന പ്രശ്‌നമാണ്. അതോടൊപ്പം അതിലെ പ്രധാന ആവശ്യവും സ്വയം വിരമിച്ചവര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കണമെന്നതായിരുന്നു. സൈനികരില്‍ 40 ശതമാനവും ഇത്തരത്തില്‍ കാലാവധി പൂര്‍ത്തിയാക്കാതെ വിരമിക്കുന്നവരാണ്.

സമരസമിതി നേതാക്കള്‍ ശനിയാഴ്ച രാത്രിയും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമായി ചര്‍ച്ചനടത്തി. സ്വയംവിരമിച്ചവരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായി സമരസമിതി നേതാവ് മേജര്‍ ജനറല്‍ സത്ബീര്‍ സിങ് ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചു. എന്നാല്‍ ഈ ഉറപ്പ് രേഖാമൂലം സര്‍ക്കാര്‍ എഴുതിനല്‍കണമെന്നാണ് ജന്തമന്ദറില്‍ നിരാഹാരം നടത്തുന്നവരുടെ നിലപാട്.