ഓണ പച്ചക്കറി കൃഷിയുടെ വന്‍ വിജയത്തിനു ശേഷം സി.പി.എം ശീതകാല പച്ചക്കറികൃഷിയുമായി വീണ്ടും ജനങ്ങള്‍ക്കിടയിലേക്കെത്തുന്നു

single-img
5 September 2015

Vegitablele

ഓണ പച്ചക്കറി കൃഷിയുടെ വന്‍ വിജയത്തിനു ശേഷം സി.പി.എം ശീതകാല പച്ചക്കറികൃഷിയുമായി വീണ്ടും ജനങ്ങള്‍ക്കിടയിലേക്കെത്തുന്നു. മണ്ഡലകാലം മുന്‍നിര്‍ത്തി പച്ചക്കറിയുടെ ആവശ്യകത വര്‍ധിക്കുമെന്നതു മുന്നില്‍ക്കണ്ടാണു സി.പി.എം പദ്ധതിയുമായി എത്തുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പു സമയമായതിനാല്‍ ശീതകാല പച്ചക്കറി കൃഷിക്ക് പരസ്യ പ്രചാരണങ്ങളുണ്ടാകില്ല.

ഈ ലക്ഷ്യം മുന്‍നിര്‍ത്തി ജൈവകൃഷി വ്യാപിപ്പിക്കാന്‍ സന്നദ്ധ സാങ്കേതികസമിതികള്‍ രൂപവല്‍ക്കരിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ സമീപകാലത്തെ വിജയകരമായ ജനകീയ ഇടപെടലുകളിലൊന്നായ ഓണ പച്ചക്കറി കൃഷി വന്‍ വിജയമായിരുന്നു. 1500 ഏക്കറില്‍ പച്ചക്കറി കൃഷി നടത്താനാണു പാര്‍ട്ടി ലക്ഷ്യമിട്ടതെങ്കിലും 2,500 ഏക്കറില്‍ കൃഷി നടന്നതായാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കിയ ഡോ. തോമസ് ഐസക് എംഎല്‍എ അറിയിച്ചത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിട്ട് ഉത്പാദിബ്ബിച്ച 15,000 ടണ്‍ പച്ചക്കറികളും കുടുംബശ്രീ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളില്‍ നിന്നുള്ള ജൈവ പച്ചക്കറികളു കൂടി ശേഖരിച്ചായിരുന്നു വില്‍പ്പന നടത്തിയത്. സംസ്ഥാനത്തെ 850 സ്റ്റാളുകള്‍ വഴിയാണ് പച്ചക്കറി വില്‍പന നടത്തിയത്. 12 കോടി രൂപയാണു പച്ചക്കറി വില്‍പനയില്‍ നിന്നുള്ള വരുമാനമായി ലഭിച്ചത്. ജൈവകര്‍ഷകര്‍ക്കു വിപണിവിലയുടെ 25 ശതമാനം അധികതുക നല്‍കിയാണു ജൈവപച്ചക്കറി വാങ്ങിയതെന്നും തോമസ് ഐസക് പറഞ്ഞു.

കേരളത്തില്‍ പച്ചക്കറിക്ക് ആവശ്യകത വര്‍ധിക്കുന്നതു ഓണക്കാലം കഴിഞ്ഞാല്‍ മണ്ഡലകാലമായ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയത്താണ്. ഇതു മുന്നില്‍ക്കണ്ടാണു ശീതകാലപച്ചക്കറി കൃഷിയെന്ന ആശയം സിപിഎം മുന്നോട്ടുവയ്ക്കുന്നത്. തദ്ദേശതിരഞ്ഞെടുപ്പു സമയമായതിനാല്‍ പാര്‍ട്ടിയുടെ നേരിട്ടുള്ള പ്രചാരണപരിപാടിയുണ്ടാകില്ല. ഓണത്തിനു പച്ചക്കറി ഉല്‍പാദിപ്പിച്ച സംഘങ്ങളെല്ലാം ശീതകാലകൃഷിക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങാനാണ് പദ്ധതി.